കൊച്ചി- കളമശ്ശേരി കുസാറ്റ് കാമ്പസിലെ അപകടത്തില്‍ മരിച്ച വടക്കന്‍ പറവൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ ആന്‍ റുഫ്തയുടെ അമ്മ ഇറ്റലിയിലാണ്. വിസിറ്റിങ് വിസയില്‍ മകളെ പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ അടുത്തിടെയാണ് ഇവര്‍ ഇറ്റലിയിലേക്ക് പോയത്. പ്രതിപക്ഷ നേതാവും സ്ഥലം എംഎല്‍എയുമായ വി ഡി സതീശന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഇറ്റലിയില്‍ നിന്നും ഇവരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് ഇവരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കണ്മുന്നില്‍ കാണുന്ന കഴ്ചകള്‍ വേദനാജനകമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് മികച്ച ചികിത്സാ സംവിധാനം നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിലാണ് ആന്‍ റുഫ്തയുള്‍പ്പെടെ നാല് പേര്‍ മരിച്ചത്. മരിച്ച നാല് പേരില്‍ മൂന്ന് പേര്‍ വിദ്യാര്‍ഥികളാണ്. ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളുടെ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. വൈകീട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. രണ്ട് മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലും രണ്ട് മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.