തിരുവനന്തപുരം- മുംബൈ വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഫെബിന്‍ (23) ആണ് മുംബൈ പോലിസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് തിരുവനന്തപുരത്തു നിന്നും പിടികൂടിയത്.
ഫെബിന്റെ വീടും പരിസരവും വെള്ളിയാഴ്ച മുതല്‍ മുതല്‍ ഭീകരവിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ മുംബൈയിലേക്ക് കൊണ്ടുപോയി. കേസില്‍ പൂന്തുറ സ്വദേശി അമീനെ വെള്ളിയാഴ്ച വൈകുന്നേരം ഭീകര വിരുദ്ധ സ്‌ക്വാഡ് തിരുവനന്തപുരത്ത് നിന്നും പിടികൂടിയിരുന്നു. ഇ-മെയില്‍ അയച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.
എട്ടരക്കോടി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കും എന്ന ഭീഷണി സന്ദേശം വ്യാഴാഴ്ചയാണ് അമീന്‍ അയച്ചത്. മുംബൈ സഹര്‍ പൊലീസ് എഫ് ഐ ആര്‍ എന്നിവരെ രജിസ്റ്റര്‍ ചെയ്ത് കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറുകയായിരുന്നു. ഭീഷണിക്ക് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നതും എ. ടി. എസ് അന്വേഷിക്കും.
വ്യാഴാഴ്ച രാവിലെ 11നാണ് സന്ദേശം വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചത്. ഇതേതുടര്‍ന്നാണ് എ. ടി. എസ് അന്വേഷണം ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘവും കേരള പൊലീസും തയ്യാറായിട്ടില്ല.