ടാൻജിയർ(മൊറോക്കോ)- നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ടൂർണമെന്റിൽതന്നെ മെസി കപ്പുയർത്തി. സൂപ്പർ കപ്പ് ഫുട്‌ബോളിൽ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മെസിയുടെ ബാഴ്‌സലോണ ജേതാക്കളായത്. പത്താമത്തെ മിനിറ്റിൽ വഴങ്ങിയ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. പത്താമത്തെ മിനിറ്റിൽ പാബ്ലോ സരാബിയയാണ് സെവിയക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ബാഴ്‌സ പ്രതിരോധ നിരയുടെ പിഴവിൽനിന്നായിരുന്നു ഈ ഗോൾ. പിന്നീട് സെവിയ്യ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി മെസിയും സംഘവും നിരവധി അക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. സെവിയ്യ നിരയിൽ പുതുതായെത്തിയ ഗോൾകീപ്പർ തോമസ് വാക്ലിക് എല്ലാം നിർവീര്യമാക്കുകയായിരുന്നു.
നാൽപത്തിരണ്ടാമത്തെ മിനിറ്റിൽ ജെറാർഡ് പിക്വെ സമനില കോൾ സ്വന്തമാക്കി. മെസിയെടുത്ത ഫ്രീകിക്ക് റീബൗണ്ടിലൂടെയാണ് പിക്വെ ഗോളാക്കിയത്.
എഴുപത്തിയെട്ടാമത്തെ മിനിറ്റിൽ ഡെംബലെയുടെ സൂപ്പർ ഗോളോടെ ബാഴ്‌സ മുന്നിലെത്തുകയായിരുന്നു. എന്നാൽ ഇൻജുറി ടൈമിൽ പെനാൽറ്റി ലഭിച്ചെങ്കിലും മുതലാക്കാൻ സെവിയ്യക്ക് സാധിച്ചില്ല. സെവിയ്യയുടെ വിസാം ബെൻ യെഡാറെടുത്ത കിക്ക് ബാഴ്‌സ ഗോളി തടുത്തിട്ടു. രണ്ടാം പകുതിയിൽ സെവിയ്യയും നിരവധി മുന്നേറ്റം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.