Sorry, you need to enable JavaScript to visit this website.

ഗവർണർമാർക്ക് മൂക്കുകയർ

ഭരണഘടനാപരമായി വലിയ അധികാരവും ഉത്തരവാദിത്തവും ആദരവും ഉള്ള പദവിയാണ് സംസ്ഥനത്തിന്റെ ഗവർണർ പദവി. കക്ഷി രാഷ്ട്രീ യത്തിന് അതീതമായി പ്രവർത്തിക്കേണ്ട പദവി കൂടിയാണത്. 
രാഷ്ട്രീയ രംഗത്ത് സജീവമായി നിൽക്കുന്നവരാണ് പലപ്പോഴും ഗവർണർ പദവിയിൽ എത്താറുള്ളതെങ്കിലും ആ ഉന്നത പദവിയിലിരുന്നുകൊണ്ട് അതിന്റെ മഹത്വവും ഉത്തരവാദിത്തവും മനസ്സിലാക്കി അധികമാരും രാഷ്ട്രീയം കളിക്കാറില്ല. എന്നാൽ തങ്ങളെ നിയമിച്ച കേന്ദ്ര സർക്കാരിനോടാണ് തങ്ങൾ കൂറുപുലർത്തേണ്ടതെന്ന്  കരുതി പദവിയിലിരുന്ന് പച്ചയായി രാഷ്ട്രീയം കളിക്കുന്ന കേരള ഗവർണർ ഉൾപ്പെടെ ചില സംസ്ഥാന ഗവർണർമാർക്കുള്ള ശക്തമായ താക്കീതും തിരിച്ചടിയുമൊക്കെയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ. 
ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിക്കതിലും കേന്ദ്ര സർക്കാർ നിയോഗിച്ച സംസ്ഥാന ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി കടുത്ത പോരിലാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ഗവർണർമാർ ബോധപൂർവം നടത്തുന്നുവെന്നാണ് വിവിധ സംസ്ഥാന സർക്കാരുകളുടെ പരാതി. ജനപ്രതിനിധി സഭയായ നിയമസഭ പാസാക്കിയ പല സുപ്രധാന ബില്ലുകളും രണ്ട് വർഷത്തിലേറെ ഒപ്പിടാതെ ഭരണഘടനാപരമായ പ്രതിന്ധി സൃഷ്ടിക്കാൻ ഗവർണർമാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. 
കേരളവും തമിഴ്‌നാടും ബംഗാളും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളിൽ സർക്കാർ - ഗവർണർ പോര് വളരെ പ്രകടവും രൂക്ഷവുമാണ്. എന്നാൽ ബി.ജെ.പി മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരെക്കുറിച്ച് അത്തരമൊരു പരാതി ഇല്ല. 
സംസ്ഥാന സർക്കാരിന്റെ പൂർണമായ ഇഛക്കനുസരിച്ചാണ് ഇവിടെ ഗവർണർമാർ പ്രവർത്തിക്കുന്നത്. എന്നാൽ ബി.ജെ.പി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരെ ആയുധമാക്കി കേന്ദ്ര സർക്കാർ  കൃത്യമായ രാഷ്ട്രീയം കളിക്കുകയാണ്. അതിനെതിരെ കൂടിയുള്ള പരോക്ഷ വിമർശനമാണ് സുപ്രീം കോടതി ഉയർത്തിയത്.
ഗവർണർമാരുടെ നടപടിയെ ചോദ്യം ചെയ്ത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജികളിൽ ഓരോന്നിലായി കേന്ദ്രം വിധി പറഞ്ഞു വരുന്നതേയുള്ളൂ. വളരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതിയിൽ നിന്ന് ഗവർണമാർക്ക് ഇതിനകം കേൾക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാർ നൽകിയ പരാതി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം ഗവർണർ

മാരുടെ അതിരു കടന്നുള്ള ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ്.
ഗവർണർ എന്നത് സംസ്ഥാനത്തിന്റെ പ്രതീകാത്മകമായ മേധാവി മാത്രമാണെന്നും യഥാർത്ഥ അധികാരം ജനപ്രതിനിധികൾക്കാണെന്നും സുപ്രീം കോടതിയെക്കൊണ്ട് ചില ഗവർണർമാർ പറയിപ്പിച്ചതിലൂടെ സ്വന്തം അന്തസ്സിനെ അവർ തന്നെ ഇടിച്ചു താഴ്ത്തുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. 
ഇതിന് മുൻപൊരിക്കലും ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർക്കെതിരെ മറ്റൊരു ഭരണഘടനാ സ്ഥാപനമായ സുപീം കോടതിക്ക് ഇത്രയും രൂക്ഷമായ ഭാഷയിൽ പറയേണ്ടി വന്നിട്ടില്ല. അതിനുള്ള സാഹചര്യം ഇക്കാലമത്രയും നിയമിക്കപ്പെട്ട ഗവർണർമാർ ഉണ്ടാക്കിയിട്ടില്ല എന്നതാണ് വാസ്തവം. ഇതിന് മുൻപ് ഒരു കാലത്തും കേന്ദ്ര സർക്കാർ തങ്ങളുടെ രാഷ്ട്രീയ ചട്ടുകങ്ങളായി ഗവർണർമാരെ ഉപയോഗപ്പെടുത്തിയിട്ടുമില്ല.
ഭരണഘടനാ പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരിന് മാർഗ നിർദേശം നൽകേണ്ട  രാജ്യതന്ത്രജ്ഞനാണ് ഗവർണർ എന്ന് പഞ്ചാബ് സർക്കാരിന്റെ പരാതിയിൽ സുപ്രീം കോടതി പറയുന്നു. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും യഥാർത്ഥ അധികാരം ജനപ്രതിനിധികൾക്കാണെന്നും വിധിയിൽ പറയുന്നു.
സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവെക്കുന്നതടക്കം ചില ഗവർണർമാർ രാഷ്ട്രീയ താൽപര്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്നതായി സുപ്രീം കോടതിക്ക് കൃത്യമായി ബോധ്യം വന്നിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങൾ പഞ്ചാബ് കേസിലെ സുപ്രീം കോടതിയുടെ പരാമർശങ്ങളിൽ വ്യക്തമാണ്. സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടതല്ലാത്ത മേധാവിയായ ഗവർണർക്ക് ഭരണഘടനാപരമായി ചില അധികാരങ്ങളുണ്ട്. എന്നാൽ അത് സഭയുടെ നിയമ നിർമാണ നടപടികളെ തകിടം മറിക്കാനുള്ളതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. 
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിത കാലത്തേക്ക് പിടിച്ചുവെയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ മനഃപൂർവം പിടിച്ചുവെയ്ക്കുന്നുവെന്നാണ് കേരളം അടക്കം സുപ്രീം കോടതിയിൽ ഉന്നയിച്ച പരാതികളിലെ ഏറ്റവും പ്രധാന വിഷയം. കേരളത്തിൽ ഭരണ നിർവഹണ രംഗത്തെ വളരെ പ്രധാനപ്പെട്ട ബില്ലുകളാണ് രണ്ട് വർഷം കഴിഞ്ഞിട്ടും യാതൊരു തീരുമാനവുമെടുക്കാതെ രാഷ്ട്രീയ താൽപര്യത്തിന്റെ പുറത്ത് മാത്രം പൂഴ്ത്തിവെച്ചിരിക്കുന്നത്. 
നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് കാര്യങ്ങളാണ് ഗവർണർക്ക് ചെയ്യാനാകുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. ബില്ലുകൾക്ക് അനുമതി നൽകുകയെന്നതാണ് ഒന്നാമത്തെ കാര്യം. അനുമതി തടഞ്ഞുവെച്ചുകൊണ്ട് കൂടുതൽ വിശദീകരണങ്ങൾക്കായി ബിൽ തിരിച്ചയക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം.        ബിൽ രാഷ്ട്രപതിയുടെ തീർപ്പിനായി അയക്കുകയെന്നതാണ് മൂന്നാമത്തെ കാര്യം. സാധ്യമായതിന്റെ പരമാവധി വേഗത്തിലായിരിക്കണം ഈ കാര്യങ്ങൾ ഗവർണർ ചെയ്യേണ്ടതെന്ന് ഭരണഘടനയിൽ തന്നെ പറയുന്നുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു.  
ഗവർണർമാരും ജനപ്രതിനിധികളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയും ഈഗോയുമാണ് ഇത്തരത്തിലുള്ള ഒരു കേസിന് അടിസ്ഥാനമായതെങ്കിലും ഭരണഘാടനാപരമായ വളരെ സുപ്രധാനമായ ഒരു നിയമ പ്രശ്‌നത്തിനാണ് യഥാർത്ഥത്തിൽ സുപ്രീം കോടതി തീർപ്പു കൽപിച്ചിട്ടുള്ളത്. 
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തന്നെയാണ് നിയമ നിർമാണ സഭകളിൽ പ്രാമുഖ്യമെന്ന് വ്യക്തമാക്കുക കൂടിയാണ് പഞ്ചാബ് സർക്കാർ നൽകിയ ഹരജിയിൽ സുപ്രീം കോടതി ചെയ്തിട്ടുള്ളത്. ഭരണഘടനാപരമായ അധികാരങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അതിർവരമ്പുകൾ എന്താണെന്നത് സംബന്ധിച്ച് തീർപ്പ് കൽപിക്കാൻ കോടതിക്ക് കഴിഞ്ഞുവെന്ന് മാത്രമല്ല, ഭാവിയിൽ ഇത്തരത്തിലുള്ള മൂപ്പിളമ തർക്കങ്ങൾ ഒഴിവാക്കാനും ഈ വിധി പ്രചോദനമാകുന്നു. കേരളം നൽകിയ ഹരജിയിൽ പഞ്ചാബ് കേസിലെ ഉത്തരവ് വായിച്ച് നിലപാട് അറിയിക്കാൻ സുപ്രീം കോടതി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനോട്  ആവശ്യപ്പെട്ടിരിക്കുകയാണ്. അതായത് സുപ്രീം കോടതി തങ്ങളുടെ വിധിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തം.
അമിതാധികാരമുണ്ടെന്ന് കരുതി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് മേൽ കുതിരകയറാൻ ശ്രമിച്ച ഗവർണർമാർ തന്നെയാണ് ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഗവർണർമാരും സംസ്ഥാന സർക്കാരും തമ്മിൽ നല്ല ബന്ധം നിലനിൽക്കേണ്ടത് ജനാധിപത്യ മര്യാദയുടെ ഭാഗമാണെന്ന നിലയിൽ ഒരു കീഴ്‌വഴക്കമായാണ് ഇക്കാലമത്രയും കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. എന്നാൽ പരസ്പര വിശ്വാസത്തിന് കോട്ടം തട്ടുകയും ഭരണഘടനാപരമായ അവകാശങ്ങളിൽ തർക്കങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ അതിന് നിയമപരമായ പരിഹാരം കാണാൻ സുപ്രീം കോടതിക്ക് കഴിഞ്ഞുവെന്നതാണ് ഇവിടെ ഉരുത്തിരിഞ്ഞ ഏറ്റവും പ്രധാന കാര്യം.
 ഈ തർക്കത്തിൽ ആര് ജയിച്ചു, അല്ലെങ്കിൽ ആര് തോറ്റു എന്ന ചോദ്യത്തിന് അപ്പുറം ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അതിന് നിയമപരമായ പരിരക്ഷ നൽകുന്നതിനുമുള്ള അവസരം ഈ തർക്കങ്ങളിലൂടെ സുപ്രീം കോടതിക്ക് ലഭിച്ചുവെന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം.
 

Latest News