ലോക നിയമങ്ങൾക്കും ധാർമിക, മതമൂല്യങ്ങൾക്കും യു.എൻ രക്ഷാസമിതി, ജനറൽ അസംബ്ലി പ്രമേയങ്ങൾക്കും യു.എൻ ഏജൻസികളുടെയും ലോകാരോഗ്യ സംഘടനയുടെയും മറ്റും ആഹ്വാനങ്ങൾക്കും പുല്ലുവില പോലും കൽപിക്കാതെ, വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും വിലക്കി, ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യാനും ഗാസയിൽ നിന്ന് നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനും ലക്ഷ്യമിട്ട് രക്തക്കൊതി തീരാതെ ആശുപത്രികൾക്കും സ്‌കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും മേൽ നിരന്തര ബോംബ് വർഷം നടത്തി ഇസ്രായിൽ യുദ്ധക്കുറ്റങ്ങൾ തുടരുന്നതിനിടെ ഈ ദശകം കണ്ട ലോകത്തെ ഏറ്റവും വലിയ നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയാണ് സൗദി അറേബ്യ. യുദ്ധം ഉടനടി അവസാനിപ്പിക്കാനും പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വതവും സമഗ്രവും നീതിപൂർവകവുമായ രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും ലക്ഷ്യമിട്ട് അറബ് ലീഗിനെയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷനെയും അണിനിരത്തി 57 രാജ്യങ്ങളുടെ ഏകീകൃത നയതന്ത്ര മുന്നണി സ്ഥാപിച്ച് സൗദി അറേബ്യ ലോകത്തെ വൻശക്തി രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിവരികയാണ്.
ഒക്‌ടോബർ ഏഴിന് ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം അറബ് ലീഗും ഒ.ഐ.സിയും വിദേശ മന്ത്രി തലത്തിൽ യോഗം ചേർന്ന് യുദ്ധം അവസാനിപ്പിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 11 ന് സൗദി അറേബ്യ മുൻകൈയെടുത്ത് റിയാദിൽ അസാധാരണ അറബ്, ഒ.ഐ.സി സംയുക്ത ഉച്ചകോടി വിളിച്ചുചേർത്ത് ഗാസ പ്രശ്‌നത്തിൽ പാശ്ചാത്യ ലോകം പിന്തുടരുന്ന നയത്തിലുള്ള കടുത്ത പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുകയും ഇസ്രായിലിനെ നിലക്കു നിർത്തണമെന്നും ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
ഉച്ചകോടി തീരുമാന പ്രകാരം സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഈജിപ്ത്, ഫലസ്തീൻ, നൈജീരിയ, ജോർദാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും അറബ് ലീഗ്, ഒ.ഐ.സി സെക്രട്ടറി ജനറലുമാരും യു.എൻ രക്ഷാസമിതി സ്ഥിരാംഗ രാജ്യങ്ങളായ ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു.
ഇസ്രായിൽ അനുകൂല രാജ്യങ്ങൾ സന്ദർശിക്കുന്നതിനു മുമ്പായി ശക്തമായ ആഗോള മുന്നണി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയും റഷ്യയുമാണ് മന്ത്രിതല കമ്മിറ്റി ആദ്യം സന്ദർശിച്ചത്. യുദ്ധം ഉടനടി അവസാനിപ്പിക്കൽ, യുദ്ധക്കുറ്റങ്ങളിൽ ഇസ്രായിലിനോട് കണക്കു ചോദിക്കൽ, ദ്വിരാഷ്ട്ര പരിഹാരത്തിന് വഴിയൊരുക്കൽ എന്നീ
മൂന്നു പ്രധാന കാര്യങ്ങളിൽ ഊന്നിയാണ് മന്ത്രിതല കമ്മിറ്റി യു.എൻ രക്ഷാസമിതി സ്ഥിരാംഗ രാജ്യങ്ങൾ സന്ദർശിക്കുന്നത്.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ ആവശ്യങ്ങളും നയതന്ത്ര ശ്രമങ്ങളും ഫലം ചെയ്യില്ല എന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ ഈ നിർണായക സാഹചര്യത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടത്തുന്ന ആഗോള തലത്തിലുള്ള നയതന്ത്ര നീക്കങ്ങളിലൂടെ പ്രായോഗികവും കൂട്ടായതുമായ നടപടികൾ ഏകോപിപ്പിക്കുകയും ഇസ്രായിലിനെ യുദ്ധം തുടരാൻ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കെതിരെയും തന്ത്രപരമായ തുറുപ്പുചീട്ടുകൾ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വെർച്വൽ രീതിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്ന അറബ്, ഒ.ഐ.സി സംയുക്ത ഉച്ചകോടി തീരുമാനം ആവർത്തിക്കുകയും യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ അവസരമൊരുക്കണമെന്നും വംശഹത്യ തടയണമെന്നും ശക്തമായി ആവശ്യപ്പെടുകയും പാശ്ചാത്യ ലോകത്തിന്റെ ഇരട്ടത്താപ്പിനെ ശക്തിയുക്തം വിമർശിക്കുകയും ചെയ്തു. ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ഒരു ശ്രമവും ഒരിക്കലും അംഗീകരിക്കില്ലെന്നും സൗദി അറേബ്യ ആവർത്തിച്ച് വ്യക്തമാക്കി. 1967 ലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ വകവെച്ചു നൽകാതെ പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഒരിക്കലും സാധ്യമാകില്ല എന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. വെർച്വൽ രീതിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആനും സമാന നിലപാട് ആവർത്തിച്ചു.
ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം സൗദി കിരീടാവകാശിയും വിദേശ മന്ത്രിയും പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും നിരവധി ലോക നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ചകൾ നടത്തിയും ഫോണിൽ ബന്ധപ്പെട്ടും യുദ്ധം ഉടനടി അവസാനിപ്പിക്കാനും പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനും സത്വര നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉണർത്തി. യുദ്ധത്തിൽ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും കൈവരിച്ചതിന്റെ തെളിവുകൾ ഹാജരാക്കാൻ ഇസ്രായിലിന് ഇതുവരെ സാധിച്ചില്ല.
കുട്ടികളും സ്ത്രീകളും അടക്കമുള്ള നിരപരാധികളുടെ നരമേധം തുടരുക മാത്രമാണ് ഇസ്രായിൽ ചെയ്യുന്നത്. ഇതും അറബ്, ഇസ്‌ലാമിക് രാജ്യങ്ങൾ അടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന ശക്തമായ പ്രതിഷേധങ്ങളും പാശ്ചാത്യ രാജ്യങ്ങളെ സ്വരം മാറ്റാൻ നിർബന്ധിതരാക്കിയതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടുങ്ങിയിട്ടുണ്ട്.
അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഒരു വഴിത്തിരിവിലാണ്. ഈ യുദ്ധത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം അവരുടെ ധാർമിക സൽപേരിനു മാത്രമല്ല, തന്ത്രപരമായ താൽപര്യങ്ങൾക്കും വലിയ കോട്ടം തട്ടിക്കും. ബഹുമുഖ ലോകക്രമത്തിലേക്കുള്ള നീക്കം മന്ദഗതിയിലാക്കാൻ അമേരിക്ക വളരെ താൽപര്യപ്പെടുന്നു. സമീപകാല ഗാസ പ്രതിസന്ധി അമേരിക്ക കൈകാര്യം ചെയ്ത രീതി ബഹുമുഖ ലോകക്രമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്തും. മനുഷ്യാവകാശങ്ങളുടെയും സമത്വത്തിന്റെയും നീതിയുടെയും സ്‌പോൺസർ എന്ന നിലയിലുള്ള അമേരിക്കയുടെ ആഗോള സ്ഥാനം നഷ്ടപ്പെടും. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പിന്തുണയും പച്ചക്കൊടിയും കൂടാതെ ഇസ്രായിലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഗവൺമെന്റിന് ഇപ്പോൾ ചെയ്യുന്നതെല്ലാം ചെയ്യാൻ കഴിയില്ല.
ആയിരക്കണക്കിന് കുട്ടികൾക്കും സ്ത്രീകൾക്കും നിരപരാധികൾക്കും എതിരായ യുദ്ധക്കുറ്റങ്ങളും ആസൂത്രിതമായ കൊലപാതകങ്ങളും ലോക ജനത കാണുന്നു. പാശ്ചാത്യ രാജ്യങ്ങൾ പണവും ആയുധങ്ങളും നിയമ പരിരക്ഷയും പരിധിയില്ലാത്ത നയതന്ത്ര പിന്തുണയും നൽകി ഈ യുദ്ധത്തെ പിന്തുണക്കുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിൽ പൊതുസമൂഹത്തിൽ പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെതിരെ ആണവായുധം പ്രയോഗിച്ച് ലോകത്തെ ഞെട്ടിച്ചതിലൂടെ അമേരിക്ക ലോകത്തിന്റെ നേതൃസ്ഥാനത്തു നിന്ന് ബ്രിട്ടനെ അകറ്റിനിർത്തുകയായിരുന്നു. 1956 ൽ ഈജിപ്തിനെതിരായ ത്രികക്ഷി യുദ്ധം നിർത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ട് ബ്രിട്ടനും ഫ്രാൻസിനും ഇസ്രായിലിനുമെതിരെ അമേരിക്ക നിലയുറപ്പിച്ചതോടെ ലോകത്തിന്റെ മേൽക്കോയ്മ ബ്രിട്ടനല്ല അമേരിക്കക്കാണെന്ന് ലോകം സമ്മതിക്കുകയായിരുന്നു.
ഇസ്രായിലിനെ നിലക്കു നിർത്തിയും രക്ഷാസമിതി 242 ാം നമ്പർ പ്രമേയം നടപ്പാക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിനും ഇസ്രായിലിനെ നിർബന്ധിച്ചും ഇനിയും ആഗോള തലത്തിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ അമേരിക്കക്ക് അവസാന അവസരമുണ്ട്. ഇങ്ങനെ ചെയ്യാത്ത പക്ഷം ലോകത്തിന്റെ നേതൃസ്ഥാനം അമേരിക്കക്ക് നഷ്ടപ്പെടും.
പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ലോകത്തിന് മടുത്തിരിക്കുന്നു. ഗാസ പ്രാദേശിക പ്രതിസന്ധി മാത്രമല്ല, അതിന് ആഗോള പരിഗണനകളും സന്ദർഭങ്ങളുമുണ്ട്. പാശ്ചാത്യ ലോക ക്രമത്തിന്റെ ധാർമിക ബലൂൺ പൊട്ടിക്കുന്ന സൂചിയായി ഗാസ മാറിയിരിക്കുന്നു. സൗദി അറേബ്യ ഇപ്പോൾ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ ഫലം നൽകുമെന്നു തന്നെയാണ് പ്രത്യാശ.