ജയ്പൂര്‍ - കേരള മോഡലിനെയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരിനെയും പ്രശംസിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. കേരളത്തിലും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അത് മാറി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാലാണ് കേരളത്തില്‍ സി പി എമ്മിന് ഭരണത്തുടര്‍ച്ച ലഭിച്ചതെന്നും ഗെലോട്ട് പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ഇത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുകയാണ്. വര്‍ഷങ്ങളായി കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും മാറിമാറി അധികാരത്തില്‍ വന്നിരുന്നു. പക്ഷേ ഇത്തവണ സി പി എം സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി. അതിന്റെ കാരണം അവര്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.