പ്രയാഗ് രാജ്- ഉത്തര്‍പ്രദേശിലേക്ക് ബീഫ് കൊണ്ടുപോകുന്നതിന് നിയമതടസമില്ലെന്ന് അലഹബാദ് ഹൈക്കോടതി. 1955-ലെ ഗോവധ നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശിന് പുറത്ത് നിന്നോ അകത്ത് നിന്നോ സംസ്ഥാനത്ത് എവിടേക്കും ബീഫ് കൊണ്ടുപോകുന്നതിന് തടസമില്ല എന്നാണ് ജസ്റ്റിസ് പങ്കജ് ഭാട്യ വ്യക്തമാക്കിയത്.
'ഗോവധ നിരോധന നിയമം മുഴുവനായി പരിശോധിച്ചാല്‍ അതിലെവിടെയും ബീഫ് കൊണ്ടുപോകുന്നത് തടയുന്നതിനുള്ള വ്യവസ്ഥ കാണാന്‍ കഴിയില്ല. നിയമത്തിലെ 5 എ വകുപ്പില്‍ പറയുന്ന നിയന്ത്രണം പശുവിനെയോ കാളയെയോ കൊണ്ടുപോകുന്നതിനാണ്. അതും സംസ്ഥാനത്തിന് പുറത്ത് നിന്ന് സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് മാത്രമാണ് നിയന്ത്രണം. ഉത്തര്‍പ്രദേശിന് പുറത്ത് നിന്നോ അകത്ത് നിന്നോ സംസ്ഥാനത്തെ ഏത് സ്ഥലത്തേക്കും ബീഫ് കൊണ്ടുപോകുന്നതിനെ ഈ നിയമം വിലക്കുന്നില്ല.' -ഉത്തരവില്‍ കോടതി പറഞ്ഞു.
ഫത്തേപ്പുര്‍ സ്വദേശി വസീം അഹമ്മദ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് അലഹാബാദ് ഹൈക്കോടതി നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഗോവധ നിരോധന നിയമത്തിലെ മൂന്ന്, അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരം 2021 ല്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. പരിശോധനയില്‍ മോട്ടോര്‍സൈക്കിളില്‍ നിന്ന് 100 കിലോഗ്രാമോളം ബീഫ് പിടിച്ചെടുത്തുവെന്നായിരുന്നു വസീമിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.
കേസിന്റെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തന്റെ മോട്ടോര്‍ സൈക്കിള്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി വസീം കോടതിയെ സമീപിച്ചത്. വസീമിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും മോട്ടോര്‍ സൈക്കിള്‍ തൊണ്ടിമുതലാണെന്നും അതിനാല്‍ വിട്ടുകൊടുക്കാനാകില്ല എന്നുമായിരുന്നു ഫത്തേപ്പുര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചത്. വാഹനം വിട്ടുകൊടുക്കേണ്ടതില്ല എന്ന നിലപാടാണ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിച്ചത് തുടര്‍ന്നാണ് വസീം അഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായാണ് മോട്ടോര്‍ സൈക്കിള്‍ കണ്ടുകെട്ടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ വാദിച്ചു. ഭരണഘടനയിലെ 300 (എ) വകുപ്പിന്റെ ലംഘനമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും അതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
ബീഫ് കടത്താന്‍ ഉപയോഗിച്ച വാഹനമാണ് വസീമിന്റെ മോട്ടോര്‍ സൈക്കിളെന്നാണ് കുറ്റപത്രത്തില്‍ പറയുന്നതെന്നും അതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിലനില്‍ക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. സംസ്ഥാനത്ത് വാഹനത്തില്‍ കയറ്റി ബീഫ് കൊണ്ടുപോകുന്നതിന് നിരോധനമോ നിയന്ത്രണമോ ഇല്ല എന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.