തൃശൂർ - മുൻ വൈരാഗ്യത്തെ തുടർന്നു പൂമലയിൽ ഹോട്ടലും ഉടമയുടെ വീടും പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച കേസിൽ 17 വയസുകാരനടക്കം എട്ടുപേർ അറസ്റ്റിൽ. പൂമല പറമ്പായി വട്ടോളിക്കൽ സനൽ (24), ചെപ്പാറ തെറ്റാലിക്കൽ ജസ്റ്റിൻ ജോസ് (23), ചോറ്റുപാറ കൊല്ലാറ വീട്ടിൽ അക്ഷയ് സുനിൽ (20), പുഴയ്ക്കൽ ഈച്ചരത്ത് അഖിലേഷ് (20), കിള്ളനൂർ പൂമല വാഴപ്പുള്ളി വീട്ടിൽ ജിജോ ജോബി (20), തിരൂർ മുണ്ടൻപിള്ളി പുത്തുപുള്ളിൽ വീട്ടിൽ അഖിൽ (27), ചാഴൂർ അന്തിക്കാട് പുത്തൻവീട്ടിൽ സുബിജിത് (18), പ്രായപൂർത്തിയാകാത്ത 17 വയസുകാരൻ എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ സനൽ, ജസ്റ്റിൻ ജോസ് എന്നിവർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. സനലിനെതിരെ വടക്കാഞ്ചേരി, മെഡിക്കൽ കോളജ്, ടൗൺ ഈസ്റ്റ് എന്നിവിടങ്ങളിലായി നാലു ക്രിമിനൽ കേസുകളും ജസ്റ്റിനെതിരെ പത്തു ക്രിമിനൽ കേസുകളും നിലവിലുണ്ട്. അക്ഷയ്, അഖിലേഷ്, പ്രായപൂർത്തിയാകാത്ത 17 കാരൻ എന്നിവർക്കെതിരെ മയക്കുമരുന്ന് കേസുകളും നിധിൻ, ജിജോ എന്നിവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അക്രമം, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ പൂമല പറമ്പായ് പള്ളിക്കു സമീപമുള്ള കോന്നിപ്പറമ്പിൽ അരുണിൻറെ (29) ഹോട്ടലിലേക്കാണ് അക്രമികൾ ആദ്യം പെട്രോൾ നിറച്ച കുപ്പി എറിഞ്ഞ് കത്തിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇയാളുടെ വീട്ടിലേക്കും പെട്രോൾ നിറച്ച കുപ്പി എറിഞ്ഞു. ഹോട്ടൽ അടഞ്ഞുകിടന്നിരുന്നതിനാൽ പെട്രോള് കുപ്പി പുറത്തുവീണ് റബർ ചവിട്ടി കത്തിപ്പിടിച്ചെങ്കിലും അകത്തേക്കു പടർന്നില്ല.
ഹോട്ടലുടമയുടെ വീടിനുനേരെയുള്ള ആക്രമണത്തിൽ വടക്കാഞ്ചേരി പോലീസും ഹോട്ടലിനുനേരെയുള്ള ആക്രമണത്തിൽ വിയ്യൂർ പോലീസും കേസെടുത്തു. പ്രതികളെ വിയ്യൂർ എസ്എച്ച്ഒ കെ.സി. ബൈജുവിൻറെ നേതൃത്വത്തിൽ ഒളിത്താവളങ്ങളിൽനിന്നാണു പിടികൂടിയത്.