കയ്‌റോ- ഭാവിയില്‍ ഉണ്ടാകുന്ന ഫലസ്തീന്‍ രാഷ്ട്രം നിസ്സൈനികവല്‍ക്കരിക്കപ്പെടുമെന്നും ഇസ്രായിലിനു സുരക്ഷാ ഗ്യാരണ്ടി നല്‍കാന്‍ താല്‍ക്കാലിക അന്താരാഷ്ട്ര സുരക്ഷാ സാന്നിധ്യമുണ്ടാകുമെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി.
'ഈ രാഷ്ട്രം സൈനിക വിമുക്തമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നാറ്റോ സേനയോ ഐക്യരാഷ്ട്ര സേനയോ അറബ് അല്ലെങ്കില്‍ അമേരിക്കന്‍ സേനകളോ ആകട്ടെ, രണ്ട് രാഷ്ട്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള ഗ്യാരണ്ടി ഉണ്ടാകും. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ എന്നിവരോടൊപ്പം കയ്‌റോയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സിസി പറഞ്ഞു.
കിഴക്കന്‍ ജറുസലം തലസ്ഥാനമായി 1967 ജൂണ്‍ നാലിലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കിയുള്ള ഫലസ്തീന്‍ രാഷ്ട്രം ആവശ്യപ്പെടുന്ന പ്രമേയം നിലവിലുള്ള കാര്യം സിസി കൂട്ടിച്ചേര്‍ത്തു. ഇസ്രായിലിന്റെ ഭരണം അവസാനിച്ചതിന് ശേഷം ഗാസ മുനമ്പില്‍ അറബ് സേന സുരക്ഷ ഒരുക്കണമെന്ന നിര്‍ദ്ദേശം അറബ് രാജ്യങ്ങള്‍ നിരസിച്ചു.