ന്യൂദല്‍ഹി- പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍നിന്ന് ആനുപാതിക ജനപ്രാതിനിധ്യം ഉറപ്പാക്കാന്‍ പുതിയ മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എസ്.ടിയുടെ ഭാഗമായ ഏതെങ്കിലും പ്രത്യേക സമുദായത്തിനു പ്രാതിനിധ്യം ഉറപ്പാക്കണമെന്നതു പോലുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിനു നല്‍കാന്‍ കോടതിക്കു കഴിയില്ലെന്നും ഇതു നിയമനിര്‍മാണസഭയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിക്കിം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കു ലിംബു, തമാങ് ഗോത്രവിഭാഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 2002 ലെ മണ്ഡല പുനര്‍നിര്‍ണയ നിയമത്തിലെ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതേസമയം, പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ പാടില്ലെന്നും ഇവ യഥാസമയം നടക്കേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ലിംബു, തമാങ് ഗോത്രവിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് അനുഭാവ പൂര്‍വമായ നടപടിയാണു സര്‍ക്കാരില്‍നിന്നു വേണ്ടതെന്നും മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ രൂപീകരിക്കണമെന്ന ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു.