ന്യൂദല്‍ഹി- ചൈനയില്‍ എച്ച്9എന്‍2 പനി വ്യാപകമായ സഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യ ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളോടൊപ്പം ന്യുമോണിയ പിടിപെടുന്ന സാഹചര്യമാണ് ചൈനയില്‍ കാണുന്നത്.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനും ഗുരുതരസാഹചര്യങ്ങളുണ്ടാകാനുള്ള സാഹചര്യം കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
രോഗം ചൈനയിലെ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആശുപത്രികള്‍ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്‌കൂളുകള്‍ അടച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രോഗം പടരുന്നത് തടയാന്‍ അവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.