ഫാത്തിമ ബീവി ലോകമെമ്പാടുമുള്ള വനിതകളുടെ അഭിമാനം വാനോളം ഉയർത്തിയെന്നു പറയുന്നത് അതിശയോക്തിയല്ല. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജിയായി ഫാത്തിമ ബീവി നിയമിക്കപ്പെടുന്നത് മൂന്ന് പതിറ്റാണ്ട് മുമ്പാണെന്നോർക്കണം. ലോകത്ത് സുപ്രീം കോടതി ജഡ്ജിയായി പ്രവർത്തിച്ച വനിതകൾ അക്കാലത്ത് വളരെ കുറവായിരുന്നു. മുസ്‌ലിം വനിതകളിൽനിന്നാരും തന്നെ ഈ പദവിയിൽ ലോകത്തെവിടെയും എത്തിയിരുന്നില്ല. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജിയെ സംഭാവന ചെയ്ത നാടെന്ന പെരുമ കേരളം സ്വന്തമാക്കിയത് ജസ്റ്റിസ് ഫാത്തിമ ബീവിയിലൂടെയാണ്.
ഇന്ത്യൻ വനിതകളുടെയാകെ അഭിമാനം ഉയർത്തിയ മലയാളി വനിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. വനിതകൾക്ക് അപ്രാപ്യമായിരുന്ന പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലേക്ക് ആദ്യമായി കടന്നുചെന്ന് തന്റേതായൊരു ഇരിപ്പടം കണ്ടെത്തിയ വ്യക്തി. ഇതൊരു വലിയ ചരിത്ര സംഭവം തന്നെയായിരുന്നു. ഇന്ത്യൻ വനിതകൾക്ക് അപ്രാപ്യമായിരുന്ന ഒരു വലിയ ലോകം ഫാത്തിമ ബീവി കീഴടക്കുകയായിരുന്നു.
ആദ്യമലയാളി വനിത ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വം തുടങ്ങി നിരവധി രംഗങ്ങളിൽ മായാത്ത മുദ്ര ഫാത്തിമ ബീവി പതിപ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനിലിരുന്ന് ഫാത്തിമ ബീവി ചെയ്ത കാര്യങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടവയാണ്.
ലോകമെമ്പാടുമുള്ള വനിതകൾക്ക് പ്രചോദനമായിരുന്നു അവരുടെ ജീവിതമെന്ന് വ്യക്തമാണ്. ഇതിനവർ ആദ്യം കടപ്പെട്ടിരിക്കുന്നത് പിതാവ് മീരാസാഹിബിനോടാണ്. പത്തനംതിട്ടയിലെ പ്രശസ്തമായ അണ്ണാവീട്ടിൽ ഖദീജ ബീവിയുടെയും മീരാസാഹിബിന്റെയും മകളായി 1927 ൽ ജനിച്ച ഫാത്തിമ ബീവി പഠിക്കാൻ മിടുക്കിയായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയമ ുൻതൂക്കമാണ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മീരാസാഹിബ് നൽകിയിരുന്നത്. 1940കളുടെ തുടക്കത്തിൽ തിരുവനന്തപുരത്തു വന്ന് പഠിക്കുകയെന്നത് പെൺകുട്ടികളെ സംബന്ധിച്ച് സങ്കൽപിക്കാവുന്ന കാര്യമായിരുന്നില്ല.
പമ്പയാറു കടന്ന് വേണം പത്തനംതിട്ടക്ക് പുറത്തു വരാൻ. അക്കാലത്ത് പാലമുണ്ടായിരുന്നില്ല. കടത്താണുള്ളത്. തിരുവനന്തപുരത്തേക്ക് വാഹന സൗകര്യവും വളരെ കുറവായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പത്തനംതിട്ടയിൽ സൗകര്യമില്ലായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് തിരുവനന്തപുരത്തേക്ക് വിടുന്നത് അക്കാലത്ത് പതിവില്ലായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം അത്ര സാർവത്രികമായിരുന്നില്ല. മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സമുദായം പിന്തിരിഞ്ഞു നിന്നിരുന്നു. എന്നാൽ അതൊന്നും വകവെയ്ക്കാതെ മീരാസാഹിബ് തന്റെ മകളെ പഠിപ്പിച്ചു.
തിരുവനന്തപുരം ഹോസ്റ്റലിൽ താമസിച്ച് പഠിച്ചു. വനിതകോളേജിൽന്നിന്നും മഹാരാജാസ് കോളേജിൽനിന്നും നല്ലനിലയിൽ പഠിച്ചിറങ്ങിയ ഫാത്തിമ ബീവിക്ക് തന്റെ ഇഷ്ടവിഷയമായ കെമിസ്ട്രിയിൽ തുടർന്ന് പഠിച്ച് കോളേജ് പ്രൊഫസറാകണമെന്നായിരുന്നു മോഹം. എന്നാൽ പിതാവാണ് നിയമം പഠിക്കണമെന്ന് നിർബന്ധം പിടിച്ചത്. ഇതിന്റെ പേരിൽ പിതാവുമായി കുറച്ചു ദിവസം പിണങ്ങി നടന്നു.
എന്നാൽ സ്‌നേഹനിധിയായ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി നിയമം തന്നെ തുടർന്നു പഠിക്കാൻ ഫാത്തിമ ബീവി തയാറായി. പിതാവിന്റെ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതായി അവർ എന്നോടൊരിക്കൽ പറയുകയുണ്ടായി. തിരുവനന്തപുരം ലോകോളേജിൽ ചേർന്ന് നല്ലനിലയിൽ പഠനം പൂർത്തിയാക്കിയ ഫാത്തിമ ബീവി കൊല്ലത്തെ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. കേരള രാഷ്ട്രീയത്തിലും കമ്യൂണിസ്റ്റ് ചരിത്രത്തിലും കോളിളക്കം സൃഷ്ടിച്ച ശൂരനാട് സംഭവത്തിൽ പ്രതികൾക്കായി ഹാജരായത് ഫാത്തിമ ബീവിയായിരുന്നു. സർക്കാർ കേസിൽ കുടുക്കിയ കമ്യൂണിസ്റ്റുകാരായ പലരും വക്കീൽ ഫീസ് പോലും നൽകാനുള്ള ശേഷിയുള്ളവരായിരുന്നില്ല. എന്നാൽ ഫാത്തിമ ബീവി കേസിന്റെ മെറിറ്റാണ് നോക്കിയത്. പണമായിരുന്നില്ല. ഇത്തരത്തലൊരു കേസ് എടുക്കാനുള്ള ധീരതയും ഫാത്തിമ കാണിച്ചു. ഫാത്തിമ ബീവി വാദിച്ച കേസ് വിജയിച്ചു. ഇതവരുടെ പ്രശസ്തി വർധിപ്പിച്ചു.
എന്നാൽ പ്രാക്ടീസ് കൂടുതൽ കാലം തുടരാതെ മുൻസിഫായി അവർ ജോലിയിൽ പ്രവേശിച്ചു. ഇക്കാലത്ത് ഫാത്തിമ ബീവിയുടെ നീതിബോധം പരക്കെ പ്രശംസിക്കപ്പെട്ടു. അവരുടെ വിധികളോരോന്നും നിയമ വിദ്യാർത്ഥികൾക്കിന്നും പാഠപുസ്തകമാണ്. മുൻസിഫ് മുതൽ മജിസ്‌ട്രേട്ട്, ജില്ല ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങിയ ന്യായാധിപ രംഗങ്ങളിലെ എല്ലാ സ്ഥാനങ്ങളും വഹിച്ച ശേഷമാണ് ജസ്റ്റിസ് ഫാത്തിമ ബീവി 1989 ൽ സുപ്രീം കോടതി ജഡ്ജിയാകുന്നത്. ഇത്തരത്തിൽ നിതീന്യായ രംഗത്തെ എല്ലാ പദവികളിലും ഇരുന്ന ശേഷം സുപ്രീം കോടതിയെത്തിയിട്ടുള്ളവർ വളരെ വിരളമാണ്. കോടതികളുടെ താഴെ തട്ടിൽനിന്നുള്ള അനുഭവ പരിചയം ഫാത്തിമ ബീവിക്ക് പിന്നീട് വലിയ ഗുണമായി മാറി. നിതീന്യായ വ്യവസ്ഥയുടെ ശരിയായ പ്രായോഗികനില മനസ്സിലാക്കാനത് സഹായിച്ചു. എന്നും നീതിയുടെ പക്ഷത്തും സാധാരണക്കാരുടെ പക്ഷത്തും ഉറച്ചുനിന്നൊരു മനസ്സായിരുന്നു ഫാത്തിമ ബീവിയുടേത്.
ഫാത്തിമ ബീവി ലോകമെമ്പാടുമുള്ള വനിതകളുടെ അഭിമാനം വാനോളം ഉയർത്തിയെന്നു പറയുന്നത് അതിശയോക്തിയല്ല. സുപ്രീം കോടതിയിലെ ആദ്യവനിത ജഡ്ജിയായി ഫാത്തിമ ബീവി നിയമിക്കപ്പെടുന്നത് മൂന്ന് പതിറ്റാണ്ട് മുമ്പാണെന്നോർക്കണം. ലോകത്ത് സുപ്രീം കോടതി ജഡ്ജിയായി പ്രവർത്തിച്ച വനിതകൾ അക്കാലത്ത് വളരെ കുറവായിരുന്നു. മുസ്‌ലിം വനിതകളിൽനിന്നാരും തന്നെ ഈ പദവിയിൽ ലോകത്തെവിടെയും എത്തിയിരുന്നില്ല. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജിയെ സംഭാവന ചെയ്ത നാടെന്ന പെരുമ കേരളം സ്വന്തമാക്കിയത് ജസ്റ്റിസ് ഫാത്തിമ ബീവിയിലൂടെയാണ്.
കേരളത്തിലെ വനിതകളുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തുമുള്ള പുരോഗതിയായാണിത് വിലയിരുത്തപ്പെടുന്നത്. മലയാളി വനിതകളിൽ നിന്നൊരാൾ ആദ്യമായി ഗവർണറായതും ഫാത്തിമ ബീവിയിലൂടെയാണ്. ഈ റെ ക്കോർഡുകളൊന്നും ഇതുവരെ തകർക്കപ്പെട്ടിട്ടില്ലെന്ന് കൂടി ഓർക്കണം. എത്ര പ്രഗത്ഭമതിയായിരുന്നു ഫാത്തിമ ബീവിയെന്ന് ഇതിൽനിന്നു തന്നെ വ്യക്തമാണ്.
തമിഴ്‌നാട് രാഷ്ട്രീയം കൈകാര്യം ചെയ്യുകയെന്നത് അന്നും ഇന്നും ഗവർണർമാർക്ക് വിഷമകരമായ കാര്യമാണ്. അതിവൈകാരികതയുള്ള ജനതയാണ്. കേന്ദ്ര സർക്കാരിന്റെ ഉറച്ച പിന്തുണ കൂടിയില്ലെങ്കിൽ കാര്യങ്ങളാകെ അവതാളത്തിലാകും. ഡി.എം.കെ, എ.ഡി.എ.കെ പോര് കുപ്രസിസിദ്ധമായിരുന്ന കാലത്താണ് ഫാത്തിമ ബീവി അവിടെ ഗവർണറായി നിയമിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും വ്യക്തമായ അംഗബലമില്ലാതിരുന്ന ജയലളിതയെ മുഖ്യമന്ത്രിയായി ചുമതലയേൽപിക്കുന്നതു മുതൽ വിവാദങ്ങൾ തലപൊക്കി. കരുണാനിധിയും ജയലളിതയും തമ്മിലുള്ള പോര് മൂക്കുകയും കരുണാനിധി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതിനെചൊല്ലിയുണ്ടായ ബഹളങ്ങൾ ഫാത്തിമ ബീവിയെ പ്രതിസന്ധിയിലാക്കി. കേന്ദ്രം ബി.ജെ.പി ഭരിക്കുന്ന കാലമാണ്. കരുണാനിധിയുടെ പാർട്ടി കേന്ദ്ര മന്ത്രിസഭയുടെ ഭാഗവും.
ഫാത്തിമ ബീവിക്ക് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ നടപടി സ്വീകരിച്ച് തന്റെ സ്ഥാനം ഉറപ്പിക്കാമായിരുന്നുവെങ്കിലും അവരതിന് തയാറാവാതെ ആദർശം ഉയർത്തിപ്പിടിച്ച് രാജിെവയ്ക്കുകയാണുണ്ടായത്. തമിഴ്‌നാട്ടിലെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയവും ഗവർണറെന്ന നിലയിൽ നേരിടേണ്ടിവന്ന വെല്ലുവിളികളും ഫാത്തിമ ബീവി പൂർണ നിലയിൽ വെളിപ്പെടുത്താൻ തയാറായിരുന്നില്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിലുള്ള ഫാത്തിമ ബീവിയുടെ തറവാട്ടിലെത്തി ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും വിട്ടുപറയാനവർ തയാറായില്ല. പൊതുവായ രാഷ്ട്രീയ, സാമൂഹ്യ കാര്യങ്ങളോടു പ്രതികരിക്കുന്ന ശീലം ഒട്ടുമേ ഫാത്തിമ ബീവിക്കുണ്ടായിരുന്നില്ല. ന്യായാധിപയുടെ അച്ചടക്കം എല്ലാ കാലത്തും ഫാത്തിമ ബീവി പുലർത്തിയിരുന്നു.
ആത്മകഥയെഴുതാൻ വേണ്ടുവോളം കാര്യങ്ങൾ അവരുടെ ജീവിതത്തിലുണ്ടായിട്ടും അതിനും തയാറായില്ല. തന്റെ തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടയിൽ വിവാഹം കഴിക്കാനും ഫാത്തിമ ബീവി മറന്നു. സുപ്രീം കോടതിയിലെ പ്രശസ്തനായൊരു അഭിഭാഷകന്റെ കല്യാണാലോചന ഫാത്തിമ ബീവിക്ക് വന്നുവെങ്കിലും തന്റെ സഹാദരിയെ വിവാഹം കഴിക്കാനാണവർ അദ്ദേഹത്തോട് പറഞ്ഞത്. തന്റെ സഹോദരിക്കായി അവർ ഒഴിഞ്ഞുകൊടുത്തു.
ഇന്ത്യയിലെ വനിതകളുടെ അന്തസ്സുയർത്തിയ ഫാത്തിമ ബീവിയെ വേണ്ടവിധം രാഷ്ട്രം ആദരിച്ചുവോയെന്ന സംശയം ബാക്കിനിൽക്കുന്നു. രാജ്യം നൽകുന്ന പത്മപുരസ്‌കാരങ്ങളൊന്നും തന്നെ ഫാത്തിമ ബീവിയെ തേടിവന്നില്ല. കേരളം തുടക്കമിട്ട കേരള പുരസ്‌കാരങ്ങളിൽ രണ്ടാമത്തെ വലിയ പുരസ്‌കാരമായ കേരള പ്രഭ പുരസ്‌കാരം ഈ വർഷം ഫാത്തിമ ബീവിക്ക് പ്രഖ്യാപിക്കുകയുണ്ടായി. തൊണ്ണൂറാം വയസ്സിൽ ഫാത്തിമ ബീവി വിട പറയുമ്പോൾ വനിതകൾക്കാകെ പ്രചോദനമായിരുന്ന സമാനതകളില്ലാത്ത ഒരു ജീവിതം കൂടിയാണ് നഷ്ടമാകുന്നത്.