ഹൈദരാബാദ്-ആന്ധ്ര പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വെസ്റ്റ് ഗോദാവരിയിലെ യാന്ദഗാനി ജില്ലാ പരിഷത് സ്‌കൂളിലെ ഹിന്ദി അധ്യാപകനായ കെ സോമരാജു(46)വാണ് അറസ്റ്റിലായത്. നവംബര്‍ 19നാണ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാള്‍ വിവാഹം കഴിച്ചത്.
നാലുമാസമായി പെണ്‍കുട്ടിയോട് പ്രണയത്തിലായിരുന്ന അധ്യാപകന്‍ തന്റെ സ്മാര്‍ട് ഫോണ്‍ കുട്ടിക്ക് സമ്മാനമായി നല്‍കിയിരുന്നു. വിവാഹ ശേഷം പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞതോടെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ഐപിസി 376, 342, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോമരാജുവിന്റെ ഭാര്യ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ച് പോയതാണെന്നും ഇയാള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ടെന്നും പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പുകളും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്.