ടൊറന്റോ- കാനഡയിലെ ടൊറന്റോയിലേയും വാന്‍കൂവറിലേയും വിമാനത്താവളങ്ങളില്‍ നിന്നും പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളെ ഡിസംബര്‍ ഒന്നിന് പിക്കറ്റ് ചെയ്യണമെന്ന് ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങളോട് സിഖ് ഫോര്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു. സിഖ് ഫോര്‍ ജസ്റ്റിസിന്റെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് പന്നൂന്‍ നേരത്തെയും എയര്‍ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിരുന്നു.
പന്നൂന്റെ വാദങ്ങളും ഭീഷണികളും കാനഡയിലും ഇന്ത്യയിലും എയര്‍ ഇന്ത്യ സേവനമനുഷ്ഠിക്കുന്ന മറ്റ് രാജ്യങ്ങളിലും സുരക്ഷാ സേനയുടെ ജാഗ്രതയും അന്വേഷണവും വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതായി എന്‍ എ ഐ പ്രസ്താവനയില്‍ പറഞ്ഞു. അതേ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി പന്നൂനിനും സംഘടനയ്ക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു.
എയര്‍ ഇന്ത്യയെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും എയര്‍ ഇന്ത്യയുടെ ബുക്കിംഗില്‍ കാനഡയില്‍ ഇത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.