ഡബ്ലിന്- നഗരത്തില്‍ കലാപം അഴിച്ചുവിട്ട സംഭവത്തില്‍ 34 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. മൂന്ന് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കുത്തിക്കൊന്നതിനെ തുടര്‍ന്ന് തലസ്ഥാനത്ത് വലിയ അക്രമമാണ് പൊട്ടിപ്പുറപ്പെട്ടത്. കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാമെന്നു ഐറിഷ് പോലീസ് അറിയിച്ചു.
കടകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും അഗ്‌നിശമന സേനാംഗങ്ങള്‍ ഡബ്ലിന്‍ സിറ്റി സെന്ററിന്റെ ഹൃദയഭാഗത്ത് കത്തിയ വാഹനങ്ങളിലെ തീയണക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട കലാപത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റുണ്ടായതെന്ന് പോലീസ് കമ്മീഷണര്‍ ഡ്രൂ ഹാരിസ് പറഞ്ഞു.
കലാപത്തില്‍ ഉള്‍പ്പെട്ടവര്‍ ഡബ്ലിന് നാണക്കേട് വരുത്തി, അയര്‍ലണ്ടിനും നാണക്കേട് വരുത്തി, അവരുടെ കുടുംബത്തിനും തങ്ങള്‍ക്കും നാണക്കേട് വരുത്തി- ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസ്സുകാരി അടിയന്തര ചികിത്സക്കുശേഷം നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഒരാള്‍ ഏതു രാജ്യക്കാരനാണെന്ന് വ്യക്തമല്ല. ഇയാള്‍ വിദേശിയാണെന്ന് ഓണ്‍ലൈനില്‍ ഊഹാപോഹങ്ങള്‍ പരന്നു.
ഒ'കോണല്‍ സ്ട്രീറ്റിന്റെ പ്രധാന പാതക്ക് സമീപം കത്തിക്കുത്തുണ്ടായ സ്ഥലത്ത് ഒരു ചെറിയ സംഘം കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ എത്തി പോലീസുമായി ഏറ്റുമുട്ടിയതോടെയാണ് കലാപത്തിന് തുടക്കമിട്ടത്.