Sorry, you need to enable JavaScript to visit this website.

ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യു. പി സര്‍ക്കാറിനെതിരെ നിയമ നടപടിക്കൊരുങ്ങി മുസ്‌ലിം സംഘടനകള്‍

ലഖ്‌നൗ- യാതൊരു അറിയിപ്പുമില്ലാതെ ഹലാല്‍ ഉത്പന്നങ്ങള്‍ക്കെതിരെ നിരോധനം പ്രഖ്യാപിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി മുസ്‌ലിം സംഘടനകള്‍. ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും നിരോധിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് സര്‍ക്കാര്‍ നിരോധനം നടപ്പാക്കിയതെന്ന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ യൂണിറ്റുള്ള ജംഇയത്ത് ഉലമ-ഇ-ഹിന്ദ് പറയുന്നു. ഈ നീക്കത്തിന് മുമ്പ് സര്‍ക്കാര്‍ ഒരു അറിയിപ്പും സര്‍ക്കുലറും അയച്ചിട്ടില്ലെന്നും സംഘടന വിശദമാക്കി. നിരോധനം നീക്കം ചെയ്യാന്‍ സംഘടന നിയമപരമായ സാധ്യതകള്‍ അന്വേഷിക്കുകയാണെന്ന് പറഞ്ഞു. 

നടപടി ദൗര്‍ഭാഗ്യകരവും പരിഹാസ്യവുമെന്നാണ്  ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വിശേഷിപ്പിച്ചത്. അനുവദനീയമായത് ഭക്ഷിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശത്തിന്മേലുള്ള ലംഘനമാണിതെന്ന് സംഘടന പറഞ്ഞു.

എല്ലാ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡികളും നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സര്‍ട്ടിഫിക്കേഷന്‍ ബോഡികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയ വിജ്ഞാപനത്തില്‍ ഊന്നിപ്പറയുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംഘടനകള്‍ പറഞ്ഞു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ലോകമെമ്പാടുമുള്ള ഇന്ത്യന്‍ എംബസികള്‍ എന്നിവയുമായി സഹകരിച്ച്, ആഗോള വിപണികളില്‍ ഇന്ത്യന്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഹിന്ദ് ഹലാല്‍ ട്രസ്റ്റ് പറഞ്ഞു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ലോഗോ ഹലാല്‍ ഉപഭോക്താക്കളെ സഹായിക്കുക മാത്രമല്ല എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമുള്ളവ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. 

ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ജാമിഅത്തിന്റെ ഹലാല്‍ ട്രസ്റ്റ് പാലിക്കുന്നുണ്ടെന്ന് ഫാറൂഖി അവകാശപ്പെട്ടു. 

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് മുസ്‌ലിം ഉപഭോക്താവിനെ കൂടുതല്‍ വിവരമുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ പ്രാപ്തമാക്കുന്നുവെന്നും കൂടാതെ താന്‍ വാങ്ങുന്ന ഉത്പന്നത്തെക്കുറിച്ച് ആത്മവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നു. ഇത് ഒരു തരത്തിലും, മറ്റ് ഉപഭോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്മേല്‍ കടന്നുകയറുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോലും ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങളുണ്ട്, അതിനായി സ്റ്റോറുകളില്‍ ഒരു പ്രത്യേക കൗണ്ടറുമുണ്ടെന്ന് ജംഇയ്യത്ത് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

യു പി സര്‍ക്കാരിന്റെ തീരുമാനം വര്‍ഗീയമാണെന്ന് ജമാഅത്ത് വൈസ് പ്രസിഡന്റ് സലിം എഞ്ചിനീയര്‍  ആരോപിച്ചു. സംസ്ഥാനത്തെ 24 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നയാളാണ് യു പി മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. അതില്‍ എല്ലാ മതവിഭാഗങ്ങളുടെയും അനുയായികളും ഉള്‍പ്പെടുന്നു, ജാതി- മത ഭേദമന്യേ ആര്‍ക്കും ഒരു വിവേചനവും നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എല്ലാ മതങ്ങളിലും ആ പ്രത്യേക മതത്തിന്റെ അനുയായികള്‍ക്ക് നിരോധിക്കപ്പെട്ട ചില കാര്യങ്ങളുണ്ട്, അത് ആചരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അവരെ വ്യക്തമായി അനുവദിക്കുന്നുണ്ടെന്ന് സലിം എഞ്ചിനീയര്‍ പറഞ്ഞു.

ഒരു പ്രത്യേക വിശ്വാസത്തിന്റെ അനുയായികളോടുള്ള വിവേചനമാണ് ഈ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ''യുപി സര്‍ക്കാരിന്റെ തെറ്റായ തീരുമാനം ന്യായീകരിക്കാവുന്നതാണെങ്കില്‍ റെസ്റ്റോറന്റുകള്‍ക്ക് പുറത്ത് ശുദ്ധമായ സസ്യാഹാരം എന്നഴുതുന്നതും  എല്ലാ ഉത്പന്നങ്ങളുടെയും കവറില്‍ ചേരുവകള്‍ പരാമര്‍ശിക്കുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം.

Latest News