ഖത്തര്‍- ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി ഖത്തറില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഖത്തര്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.