ന്യൂഡൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാ സ്ഥാനാർത്ഥിത്വവുമായും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മുതിർന്ന സി.പി.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഏത് മണ്ഡലത്തിൽ ആര് മത്സരിക്കണമെന്നത് അതത് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം, സുരക്ഷിതമണ്ഡലം തേടിയുള്ള രാഹുലിന്റെ വയനാട്ടിലേക്കുള്ള ഓട്ടം ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയായെന്നും അഭിപ്രായപ്പെട്ടു. രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ് ഹിന്ദിമേഖലയിൽ നിന്നും പേടിച്ചോടിയ നേതാവെന്ന ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കാൻ അവസരമുണ്ടാക്കി. ഇത് കോൺഗ്രസിന് ബലഹീനതയും ക്ഷീണവുമുണ്ടാക്കിയിട്ടുണ്ട്. അതിൽ നിന്ന് പാഠം പഠിക്കാൻ രാഹുൽഗാന്ധിയും കോൺഗ്രസും തയ്യാറാകണം.
നേരെമറിച്ച് കേരളത്തിന് പകരം രാഹുൽ എല്ലാവരും യോജിച്ച് നിൽക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുത്താൽ പ്രശ്‌നമില്ല. അവിടെ ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളും ഡി.എം.കെയുടെ നേതൃത്വത്തിൽ ഒരുമിച്ച് നിൽക്കുകയാണ്. രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ നിന്നും ജനവിധി തേടിയാൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറൽസെക്രട്ടറി ഡി രാജയും അദ്ദേഹത്തിനായി വോട്ട് ചോദിക്കാൻ പ്രചാരണത്തിന് എത്തുമെന്നും എം.എ ബേബി വ്യക്തമാക്കി.
'ഇന്ത്യ' എന്നത് കൂട്ടായ്മാണെങ്കിലും ഒരു മുന്നണിയായിട്ടില്ല. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെ ഇറക്കുക എന്നതാണ് 'ഇന്ത്യ' കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. അഞ്ചു സംസ്ഥാനങ്ങളിലും എന്ത് വിലകൊടുത്തും ബി.ജെ.പിയെ തോൽപ്പിക്കാനാവണം. പക്ഷേ, അതിന് ശരിയായ സമീപനത്തോട് കൂടി സഹകരിക്കേണ്ടിയിരുന്ന പാർട്ടികളിൽ പലർക്കും ശ്രദ്ധക്കുറവുണ്ടായി. അത് ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. രാജസ്ഥാനിൽ ബി.ജെ.പിയെ എന്ത് വിലകൊടുത്തും തോൽപ്പിക്കണമെന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായില്ലെന്നും സീറ്റ് വിഭജനത്തിൽ സി.പി.എമ്മിനെ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.