ചെന്നൈ-ജന്മം കൊണ്ടല്ല കര്‍മം കൊണ്ടാണ് ബ്രാഹ്‌മണരുണ്ടാവുന്നതെന്ന് മദ്രാസ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജി. കാര്‍ത്തിയേകന്‍. മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, പി. കെ. ശേഖര്‍ ബാബു, ഡി. എം. കെ എം പി എ. രാജ എന്നിവരുടെ നിലപാടുകള്‍ക്കെതിരെ വാദിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മം ജന്മം കൊണ്ട് നിശ്ചയിച്ച ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാല്‍ സനാതന ധര്‍മ്മത്തെ പലരും എതിര്‍ക്കുന്നുവെന്നാണ് മന്ത്രിമാരും എം. പിയും നിലപാടെടുത്തത്.
മൂന്ന് ഡി. എം. കെ നേതാക്കള്‍ക്കെതിരെ സമര്‍പ്പിച്ച റിട്ട് ഓഫ് ക്വോ വാറന്റോ ഹര്‍ജികളില്‍ ജസ്റ്റിസ് അനിതാ സുമന്തിന് മുമ്പാകെ ഹാജരായ അഡ്വ. ജി. കാര്‍ത്തികേയന്‍ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ മത തത്വമാണ് സനാതന ധര്‍മ്മമെന്നും കോടതിയെ അറിയിച്ചു. അതുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥങ്ങളൊന്നും ഇപ്പോള്‍ പ്രയോഗത്തിലുള്ള അനേകം ജാതികളെ കുറിച്ച് പറയുന്നില്ലെന്നും എന്നാല്‍ നാല് അടിസ്ഥാന വര്‍ണ്ണങ്ങളെ പരാമര്‍ശിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ശ്രീരാമനോ ശ്രീകൃഷ്ണനോ ബ്രാഹ്‌മണനായിരുന്നില്ലെന്നും വിശ്വാമിത്രന്‍ ക്ഷത്രിയനായിരുന്നുവെങ്കിലും ബ്രാഹ്‌മണനാകാന്‍ ആഗ്രഹിച്ചുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഗാധമായ തപസില്‍ മുഴുകിയാണ് വിശ്വാമിത്രന്‍ ബ്രഹ്‌മഋഷിയായത്. അതിനാല്‍ ബ്രാഹ്‌മണരാവുന്നത് ജന്മനാലല്ലെന്നും ജന്മം കൊണ്ടാണെങ്കില്‍ ആള്‍വാരും നായന്മാരും ഉണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം യോഗ്യത നേടുന്നതിലൂടെ ഒരാള്‍ താന്‍ ആഗ്രഹിക്കുന്നത് ആയിത്തീരുന്നുവെന്നാണ് ഭഗവദ് ഗീത പറയുന്നതെന്നും വാദിച്ചു.
സനാതന ധര്‍മ്മത്തെക്കുറിച്ച് പ്രാഥമിക ധാരണയില്ലാത്തവരാണ് ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്നത് എന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്നും പുരാതന ഗ്രന്ഥങ്ങള്‍ എഴുതിയിരിക്കുന്ന സംസ്‌കൃതം വായിക്കാന്‍ പോലും അവര്‍ക്ക് അറിയാമായിരുന്നോ എന്ന് അത്ഭുതപ്പെടുന്നതായും അഭിഭാഷകന്‍ പറഞ്ഞു. ആരോ എന്തെങ്കിലും തെറ്റായി വിവര്‍ത്തനം ചെയ്യുകയും മറ്റുള്ളവരെല്ലാം അത് അന്ധമായി പിന്തുടരുകയും ചെയ്യുന്നു.
ഇന്നത്തെ ജാതി വ്യവസ്ഥ ഹിന്ദുമതത്തിലേക്ക് കടന്നുവന്നത് എപ്പോഴാണെന്ന ജസ്റ്റിസ് സുമന്തിന്റെ ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നും അതൊരു നിഗൂഢതയാണെന്നും വിശദമാക്കി. തൊട്ടുകൂടായ്മ പ്രാകൃത പ്രവര്‍ത്തനമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും കണ്ണില്‍ തിമിരമുണ്ടെങ്കില്‍ ശസ്ത്രക്രിയ ചെയ്യുകയാണ് വേണ്ടതെന്നും കണ്ണ് എടുത്തുകളയുകയല്ലെന്നും പറഞ്ഞ അഭിഭാഷകന്‍ സനാതന ധര്‍മ്മം തന്നെ ഉന്മൂലനം ചെയ്യണമെന്ന് മന്ത്രിക്ക് പറയാനാവില്ലെന്നും വിശദീകരിച്ചു.
സനാതന ധര്‍മ്മം സ്ത്രീകള്‍ക്ക് തുല്യ പരിഗണന നല്‍കുന്നില്ലെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. അങ്ങനെയാണെങ്കില്‍, രാജ്യത്തെ മിക്കവാറും എല്ലാ നദികള്‍ക്കും സ്ത്രീകളുടെ പേര് നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വിദ്യയുടെ ദേവത സരസ്വതിയാണ്, സമ്പത്തിന്റെ ദേവത ലക്ഷ്മിയും ധൈര്യത്തിന്റെയും ശക്തിയുടേയും ദേവതയാണ് ശക്തിയാണെന്നും വിശദമാക്കിയ അഭിഭാഷകന്‍ എല്ലാം സ്ത്രീകളിലൂടെ മാത്രം ചിത്രീകരിക്കപ്പെടുന്നുവെന്നും ഋഗ്വേദം സൃഷ്ടിച്ചത് സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് സാഹിത്യത്തിലെ അവ്വയാര്‍, കാരയ്ക്കല്‍ അമ്മയാര്‍, ആണ്ടാള്‍ തുടങ്ങിയ സ്ത്രീ കവികളെയും മുന്‍കാലങ്ങളില്‍ രാജ്യം ഭരിച്ചിരുന്ന റാണി മംഗമ്മാള്‍, വേലു നാച്ചിയാര്‍ തുടങ്ങിയ ധീരരായ രാജ്ഞികളെയും അദ്ദേഹം പരാമര്‍ശിച്ചു. 'രാമായണ കാലത്ത് ദശരഥന്റെ രാജ്യത്തിലെ ജാബാലി എന്ന മന്ത്രി ഒരു പ്രഖ്യാപിത നിരീശ്വരവാദിയായിരുന്നു. സനാതന ധര്‍മ്മം നിരീശ്വരവാദവും ഉള്‍ക്കൊള്ളുന്നു. ഒരു നിരീശ്വരവാദിക്ക് സനാതനിയും ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി വ്യവസ്ഥയും തൊട്ടുകൂടായ്മയും ഉണ്ടെന്ന് റിട്ട് ഹരജിക്കാരന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇത്തരം ദുരാചാരങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പി. വില്‍സണ്‍ പറഞ്ഞു.
മന്ത്രിക്കെതിരെ ചുമത്തിയ ഏറ്റവും നിസ്സാരമായ കേസാണിതെന്നും കോടതി സമയം കളയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് മന്ത്രി യഥാര്‍ഥത്തില്‍ 'വിദ്വേഷ പ്രസംഗം' നടത്തിയെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ടി. വി. രാമാനുജത്തിന്റെ വാദത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു.
രാജ, ശേഖര്‍ബാബു എന്നിവരെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ ജി. രാജഗോപാലന്‍, ആര്‍. വിടുതലൈ, എന്‍. ജോതി എന്നിവര്‍ തങ്ങളുടെ വാദങ്ങള്‍ എഴുതിത്തള്ളാന്‍ ഒരാഴ്ച സമയം അനുവദിച്ചു.
അഭിഭാഷകനായ ജെ. സായി ദീപക് സമര്‍പ്പിച്ച ഹ്രസ്വ വാദങ്ങളും ജഡ്ജി കേട്ടു. എന്നാല്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ച് ഒരു എന്‍ജിഒ സമര്‍പ്പിച്ച ഒരു ഇടപെടല്‍ ഹരജി അക്കമിട്ട് ഹിയറിംഗിനായി പട്ടികപ്പെടുത്തിയിട്ടില്ല.