വാഷിംഗ്ടൺ- യു.എസിലെ ഒഹിയോയിൽ കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി കൊല്ലപ്പെട്ട് പത്തു ദിവസം കഴിഞ്ഞിട്ടും ഇതേവരെ പ്രതികളെ പിടികൂടിയില്ല. സിൻസിനാറ്റി യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിലെ മോളിക്യുലാർ ആന്റ് ഡവലപ്‌മെന്റൽ ബയോളജി പ്രോഗ്രാമിൽ നാലാം വർഷ ഡോക്ടറൽ വിദ്യാർത്ഥിയായിരുന്ന ആദിത്യ അദ്‌ലാഖയാണ് കൊല്ലപ്പെട്ടത്. ഈ മാസം ഒമ്പതിനാണ് വെടിവെപ്പുണ്ടായതെന്ന് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നവംബർ 9 ന്, വെസ്റ്റേൺ ഹിൽസ് വയഡക്റ്റിന്റെ മുകളിലെ ഡെക്കിൽ മതിലിൽ ഇടിച്ച വാഹനത്തിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാളെ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.
രാവിലെ 6:20 ഓടെ പ്രദേശത്ത് വെടിവെപ്പുണ്ടായതായി ഗൺഫയർ ലൊക്കേറ്റർ സേവനമായ ഷോട്ട്സ്പോട്ടർ റിപ്പോർട്ട് ചെയ്തു. വാഹനം വെടിയുണ്ടയേറ്റ് തുളഞ്ഞിരുന്നു. അതുവഴി പോകുന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആദിത്യ അദ്ലാഖയെ യുസി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ രണ്ടു ദിവസത്തിന് ശേഷം മരിച്ചു. കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.