ജമ്മു- രജൗരിയില്‍ അഫ്ഗാനിസ്ഥാനില്‍ പരിശീലനം ലഭിച്ച ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ രക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. നാലു സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമായവരെയാണ് വധിച്ചത്.
മേഖലയില്‍ കൂടുതല്‍ പേരുണ്ടോ എന്ന പരിശോധന തുടരുകയാണ്. പാക്കിസ്ഥാന്‍ പൗരനായ ഖ്വാരിയാണ് കൊല്ലപ്പെട്ട കമാന്‍ഡര്‍.
രജൗരിയിലെ ധര്‍മസാല്‍ മേഖലയില്‍ തമ്പടിച്ച ഭീകരരെ കണ്ടെത്താന്‍ രക്ഷാസേന ഞായറാഴ്ചയാണു തെരച്ചില്‍ തുടങ്ങിയത്. ധര്‍മസാലിലെ ബജ്മലില്‍ ഇവര്‍ തമ്പടിച്ച പ്രദേശം സൈന്യവും ജമ്മു കശ്മീര്‍ പോലീസും വളഞ്ഞിരുന്നു. ഇതിനിടെയാണു രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു സൈനികര്‍ കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരു മേജറും ജവാനും ഉധംപുരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേത്തുടര്‍ന്നു ബുധനാഴ്ച രാത്രി സൈനിക നീക്കം നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ ഇതു പുന:രാരംഭിച്ചപ്പോഴാണ് ഇരുവരെയും വധിച്ചത്.
ഒരു വര്‍ഷത്തിലേറെയായി രജൗരിയില്‍ ഭീകരാക്രമണങ്ങള്‍ക്കു ഖ്വാരിയാണ് ചുക്കാന്‍ പിടിക്കുന്നത്. ദംഗ്രി, കാന്ദി എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇയാളായിരുന്നു. ഐ ഇ ഡി നിര്‍മാണത്തിലും ഒളിഞ്ഞിരുന്ന് കൃത്യമായ ലക്ഷ്യത്തിലേക്ക് വെടിവയ്ക്കുന്നതിലും വിദഗ്ധനായിരുന്നു ഖ്വാരി. ഗുഹകളിലിരുന്നാണ് ഇയാള്‍ ആക്രമണം നടത്തിയിരുന്നത്.
ഈ വര്‍ഷം രജൗരി, പൂഞ്ച്, റിയാസി ജില്ലകളിലായി 46 പേരാണു ഭീകരാക്രമണത്തില്‍ മരിച്ചത്. ഇവരില്‍ ഏഴു ഭീകരരും ഒമ്പതു സൈനികരുമടക്കം 23 പേര്‍ മരിച്ചത് രജൗരിയിലാണ്.