Sorry, you need to enable JavaScript to visit this website.

ജൂതന്മാർക്ക് ഇസ്രായിൽ നൽകണമെന്ന് ആദ്യം പറഞ്ഞത് സ്റ്റാലിൻ; നിക്ഷേപം തേടിയതും കമ്മ്യൂണിസ്റ്റ് സർക്കാറെന്ന് വി.ഡി സതീശൻ

- ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നവർ അവരുടെ ചരിത്രം മറന്നുപോയ പുത്തൻ കൂറ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് 

കോഴിക്കോട് - കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കമ്മ്യൂണിസ്റ്റ് സർക്കാറുകളുടെ ഇസ്രായിൽ ബാന്ധവത്തിൽ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വതന്ത്ര ഇസ്രായിൽ ജൂതന്മാർക്ക് നൽകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് റഷ്യയിലെ സ്റ്റാലിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 1948-ൽ സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനയാൽ രൂപപ്പെട്ട ഇസ്രായിൽ ഉണ്ടാകും മുമ്പാണ് കമ്മ്യൂണിസ്റ്റുകാർ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
  നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രായിലിലേക്ക് പോയത് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള മാർക്‌സിസ്റ്റ് സംഘമാണ്. ജ്യോതിബസു ബംഗാൾ മുഖ്യമന്ത്രിയായിരിക്കുമ്പോൾ സോമനാഥ് ചാറ്റർജിയുടെ നേതൃത്വത്തിലുള്ള പത്തംഗ കമ്മ്യൂണിസ്റ്റ് സംഘമാണ് ഇസ്രായിലിലെത്തി അവർക്ക് പിന്തുണ അറിയിച്ചത്. പിന്നീട് 18 മാസത്തിനുശേഷം 21 അംഗ സംഘവുമായി ജ്യോതിബസുവും കൂട്ടരും വീണ്ടും ഇസ്രായിലിലെത്തി. 
 ഈ പുത്തൻ കൂറ്റുകാരുടെ ചരിത്രം കോൺഗ്രസിനെക്കൊണ്ട് പറയിപ്പിക്കരുത്. ഇസ്രായിൽ പ്രധാമന്ത്രിയെ നേരിട്ട് കണ്ട് അഭിന്ദിച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ജ്യോതി ബസു. ഫലസ്തീൻ ജനതയുടെ വിമോചന നായകൻ, പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് നെടുനായകത്വം വഹിച്ച യാസർ അറാഫത്തിനെ അന്ന്, ഒന്നു കാണാൻ പോലും ജ്യോതി ബസു സന്മനസ്സ് കാണിച്ചില്ല. നായനാർ സർക്കാറിന്റെ കാലത്ത് കൃഷി പഠിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും ഇസ്രായിലിലേക്ക് വിട്ടു. പിന്നീടും അതാവർത്തിച്ചു. അതിനാൽ അവരുടെ പാരമ്പര്യം പറഞ്ഞാൽ, നാം ഒരുമിച്ച് പൊരുതേണ്ട ഒരു പ്രശ്‌നത്തിൽ, ഇടുങ്ങിയ രാഷ്ട്രീയം പറഞ്ഞ് അതിസങ്കീർണമായ ഒരു ജനതയുടെ പ്രശ്‌നത്തിന്റെ മർമത്തിൽനിന്ന് മാറി, ഫലസ്തീൻ ജനതയോടുള്ള അവഹേളനമായി മാറുമെന്നതിനാൽ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
 വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി. ഗാസയിലെ, ഫലസ്തീനിലെ ജനങ്ങളുടെ ദുരിതങ്ങൾക്കൊപ്പമാണ് നാം. നാടുണ്ടായിട്ടും നാടില്ലാത്ത, വീടില്ലാത്ത ആ ജനതയോടൊപ്പമാണ് കോൺഗ്രസ് പാർട്ടിയും ഇന്ത്യാ രാജ്യത്തിന്റെ പാരമ്പര്യവും. രാഷ്ട്രപിതാവ് ഗാന്ധിജിയും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പകർന്നുതന്ന ആ നിലപാടാണ് നമ്മുടെ പൈതൃകം. അതിൽനിന്ന് ഒരണു അളവ് നമുക്ക് വ്യതിചലിക്കാനാവില്ല. ആ ഉത്തരവാദിത്തം കൂടുതൽ നാം നെഞ്ചേറ്റണം. ഗാസയിൽ നെഹ്‌റുവിന്റെയും മറ്റും പേരിൽ ലൈബ്രറിയുണ്ട്. ആ പാവങ്ങളുടെ കണ്ണുനീരിനൊപ്പം നിൽക്കുക മാത്രമല്ല, നമ്മുടെ സർക്കാർ സഹായിക്കുകയും ചെയ്തു. 124 ദശലക്ഷം ഡോളറാണ് കോൺഗ്രസ് സർക്കാർ ഫലസ്തീന് നൽകിയത്. പക്ഷേ, എന്നിട്ടും ചില പുത്തൻ കൂറ്റുകാർക്ക് ചില സംശയങ്ങളാണ്. അവർ കോൺഗ്രസിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത് അവരുടെ ചരിത്രം മറന്നുപോയതുകൊണ്ടാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
 സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോൺഗ്രസിന് നിലപാടില്ലെന്നും നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്ന സമയത്താണ് ഇന്ത്യ ഇസ്രായിലൂമായി വഴിവിട്ട ബന്ധം സ്ഥാപിച്ചതെന്നും അന്നു മുതലാണ് ഇസ്രായിലിന് ഇന്ത്യയിൽ നയതന്ത്ര കാര്യാലയമുണ്ടായതെന്നും, ഇന്ത്യയുടെ പോയകാല ചരിത്രത്തെ തമസ്‌കരിക്കുന്നതായിരുന്നു പ്രസ്തുത ഇടപെടലെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും വിമർശിച്ചിരുന്നു.

Latest News