ന്യൂദല്‍ഹി- മസ്തിഷ്‌ക മരണം സംഭവിച്ച രണ്ടുവയസ്സുകാരന്റെ ഹൃദയം മൂന്നര മണിക്കൂറിനുള്ളില്‍ ദല്‍ഹിയില്‍ ചെന്നൈയിലെത്തിച്ച് എട്ടുവയസ്സുകാരിക്ക് മാറ്റിവെച്ചു.
ന്യൂദല്‍ഹിയിലെ ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച രണ്ടു വയസ്സുകാരന്റെ ഹൃദയമാണ് രണ്ടായിരം കിലോമീറ്റര്‍ താണ്ടി ചെന്നൈയിലെ എം ജി എം ആശുപത്രിയിലെത്തിച്ച് എട്ടുവയസ്സുകാരിക്ക് തുന്നിചേര്‍ത്തത്.
ഈ മാസം 18നായിരുന്നു സംഭവം. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കൂട്ടായ പരിശ്രമവും രണ്ട് നഗരങ്ങളിലേയും ട്രാഫിക്ക് അധികൃതരുടെ സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നില്‍.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രിക വിജയകരമായി പൂര്‍ത്തിയാക്കിയതായി എം ജി എം ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 18ന് ഉച്ചക്ക് ഒന്നരെയോടെയാണ് രണ്ടുവയസ്സുകാരന്റെ ഹൃദയം പുറത്തെടുത്തത്.
രണ്ട് മണിയോടെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും ഹൃദയവുമായി വിമാനം ചെന്നൈയിലേക്ക് പറന്നു. 4.40 ഓടെ ചെന്നൈയിലെത്തിച്ച ഹൃദയം അഞ്ച് മണിയോടെ ആശുപത്രിയില്‍ എത്തിച്ചു. തൊട്ടുപിന്നാലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു.