ന്യൂദല്‍ഹി-ഡീപ്‌ഫേക്കുകള്‍ ജനാധിപത്യത്തിന് പുതിയ ഭീഷണിയാണെന്നും അവ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
ഡീപ് ഫേക്ക് വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ നിയമത്തിന്റെ കരട് രൂപരേഖ തയ്യാറാക്കുന്നത് ആരംഭിക്കും. അധികം വൈകാതെ തന്നെ ഡീപ് ഫേക്കുകള്‍ക്ക് രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്‌തോ അല്ലെങ്കില്‍ പുതിയ നിയമം കൊണ്ടുവന്നോ ആയിരിക്കും നിയന്ത്രണം സൃഷ്ടിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ ആദ്യവാരം സാമൂഹിക മാധ്യമ കമ്പനികളുമായുള്ള അടുത്ത യോഗം ചേരും. സാമൂഹിക മാധ്യമ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡീപ്പ് ഫേക്കുകള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡീപ്പ് ഫേക്കുകള്‍ തിരിച്ചറിയുക, തടയുക, റിപ്പോര്‍ട്ട് ചെയ്യല്‍ ഫലപ്രദമാക്കുക, ഉപയോക്താക്കളില്‍ ബോധവല്‍ക്കരണം നടത്തുക എന്നീ കാര്യങ്ങളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയെന്നും ഐടി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മറ്റൊരാളെന്ന വ്യാജേന ആള്‍മാറാട്ടം നടത്തുന്നതിനോ ഡിജിറ്റലായി കൃത്രിമം കാണിക്കുന്നതിന് ഉപയോഗിക്കുന്ന സിന്തറ്റിക് അല്ലെങ്കില്‍ ഡോക്ടറേറ്റഡ് മീഡിയ ഫയലുകളാണ് ഡീപ് ഫേക്കുകള്‍. മുന്‍നിര അഭിനേതാക്കളെ ലക്ഷ്യമിട്ടുള്ള നിരവധി ഡീപ് ഫേക്ക് വീഡിയോകള്‍ സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, അക്ഷയ് കുമാര്‍ എന്നിവരുടെ പോലും ഡീപ് ഫേക്ക് വീഡിയോകള്‍ പുറത്ത് വന്നിരുന്നു. നടി രശ്മിക മന്ദാന ലിഫ്റ്റില്‍ കയറുന്നതായുള്ള ഡീപ്പ് ഫേക്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു.