Sorry, you need to enable JavaScript to visit this website.

'പാസഞ്ചർ ഫസ്റ്റ്'; ശേഷം വിമാന കമ്പനി

ഉപഭോക്താവാണ് രാജാവ് എന്ന ഒരു ചൊല്ലുണ്ട്. അതിനെ അന്വർഥമാക്കുന്നതാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നടപ്പാക്കിയ പുതിയ നിയമം. കഴിഞ്ഞ ദിവസം (നവംബർ 20) പ്രാബല്യത്തിൽ വന്ന നിയമം യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വ്യോമഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിനും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിടുന്നു. പുതിയ നിയമം ജനങ്ങൾക്കുള്ളതാണ്. അതേക്കുറിച്ച് വിമാന യാത്രക്കാർ പൂർണ ബോധമുള്ളവരുമായിരിക്കണം. ആരും അത് അറിയാതെ പോയതിനാൽ അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കാതെ പോകരുതെന്നുള്ളതിനാലാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിയമം പ്രാബല്യത്തിൽ വന്ന പാടെ ബോധവൽക്കരണത്തിനായി കാമ്പയിനും സംഘടിപ്പിച്ചിരിക്കുന്നത്.  'പാസഞ്ചർ ഫസ്റ്റ്' എന്ന ഈ കാമ്പയിനിൽ ഭാഗഭാക്കായി വിമാന യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുകയും അവശ്യ ഘട്ടങ്ങളിൽ അതനുസരിച്ച് പ്രവർത്തിച്ച് അവകാശങ്ങൾ  ഉറപ്പു വരുത്താനും ശ്രമിച്ചാൽ വിമാന കമ്പനികൾ നടത്തിവരുന്ന തീവെട്ടിക്കൊള്ള ഒരു പരിധി വരെ തടയാൻ കഴിയും. നിരക്കു വർധനയുടെ കാര്യത്തിൽ പുതിയ നിയമത്തിന് ഒന്നും ചെയ്യാനില്ലെങ്കിലും അമിത നിരക്ക് ഈടാക്കിയിട്ടും നല്ല സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന വിമാന കമ്പനികളെ കൂച്ചുവിലങ്ങിടാൻ ഇതുപകരിക്കും.
സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കൽ, കാലതാമസം നേരിടൽ, നേരത്തെയാക്കൽ, ഓവർ ബുക്കിംഗ് മൂലം സീറ്റ് നിഷേധിക്കൽ, ക്ലാസ് താഴ്ത്തൽ, ബാഗേജ് നഷ്ടപ്പെടൽ, കേടുപാടു സംഭവിക്കൽ, അപ്രഖ്യാപിത സ്റ്റോപ് ഓവർ, അംഗപരിമിതരോടുളള അവഗണന തുടങ്ങി വിമാന കമ്പനികൾ നടത്തി വരാറുള്ള പതിവ് ശൈലി സൗദിയിൽനിന്ന് വരുന്നതും പോകുന്നതുമായ വിമാന കമ്പനികൾക്ക് ഇനി മുതൽ നടത്താനാവില്ല. അതു തുടർന്നാൽ കനത്ത പിഴ അവർ നൽകേണ്ടി വരും. അതിനാൽ സർവീസുകൾ കൂടുതൽ കാര്യക്ഷമമാകാൻ ഇതുപകരിക്കുമെന്നതിൽ സംശയമില്ല. യാത്രക്കാരുടേതായ കാരണങ്ങളാലല്ലാതെ വിമാന കമ്പനികൾ മൂലം യാത്രക്കാർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്താൻ 30 വകുപ്പുകളാണ് പുതിയ നിയമാവലിയിലുള്ളത്. നേരത്തെ ഉണ്ടായിരുന്ന നിയമങ്ങൾ പരിഷ്‌കരിച്ചും കൂട്ടിച്ചേർത്തും നഷ്ടപരിഹാര തുക വർധിപ്പിച്ചുമെല്ലാമാണ് പുതിയ നിയമം ചിട്ടപ്പെടുത്തിയത്. പുതിയ നിയമം അനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 മുതൽ 200 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കാം.

 'പാസഞ്ചർ ഫസ്റ്റ്' എന്ന ഈ കാമ്പയിനിൽ ഭാഗഭാക്കായി വിമാന യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുകയും അവശ്യഘട്ടങ്ങളിൽ അതനുസരിച്ച് പ്രവർത്തിച്ച് അവകാശങ്ങൾ  ഉറപ്പു വരുത്താനും ശ്രമിച്ചാൽ വിമാന കമ്പനികൾ നടത്തിവരുന്ന തീവെട്ടിക്കൊള്ള ഒരു പരിധി വരെ തടയാൻ കഴിയും. നിരക്കു വർധനയുടെ കാര്യത്തിൽ പുതിയ നിയമത്തിന് ഒന്നും ചെയ്യാനില്ലെങ്കിലും അമിത നിരക്ക് ഈടാക്കിയിട്ടും നല്ല സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന വിമാന കമ്പനികളെ കൂച്ചുവിലങ്ങിടാൻ ഇതുപകരിക്കും.

സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിട്ടാൽ ഭക്ഷണവും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും നൽകണമെന്ന വ്യവസ്ഥക്കു പുറമെ 750 റിയാൽ നഷ്ടപരിഹാരമായും വിമാന കമ്പനികൾ ഇനി മുതൽ നൽകേണ്ടി വരും. സർവീസ് റദ്ദാക്കിയാൽ മുൻകൂട്ടി വിവരമറിയിക്കുന്ന കാലയളവിനനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കാം. ഇതുവരെ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്.  ഓവർ ബുക്കിംഗ് പോലുള്ള കാരണങ്ങളാൽ സീറ്റ് നിഷേധിക്കുകയോ ക്ലാസ് താഴ്ത്തുകയോ ചെയ്താൽ ടിക്കറ്റ് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരം പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതുവരെ 100 ശതമാനം നഷ്ടപരിഹാരമായിരുന്നു നൽകിയിരുന്നത്. ബാഗേജ് നഷ്ടപ്പെട്ടാൽ പരമാവധി 6568 റിയാൽ നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജുകൾക്ക് കേടുപാട് സംഭവിക്കുകയോ  ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്താൽ  6568 റിയാൽ വരെയുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. 1750 റിയാൽ മുതൽ  5655 റിയാൽ വരെയായിരുന്ന നഷ്ടപരിഹാരം 6568 ആയി ഉയർത്തുകയായിരുന്നു. ലഗേജ് ലഭിക്കാൻ കാലതാമസം നേരിട്ടാൽ ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാലും തോതിൽ പരമാവധി 6568 റിയാൽ വരെയാണ് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നത്. ഇത് ആഭ്യന്തര സർവീസുകളിലാണെങ്കിൽ ദിവസത്തിന് 100 റിയാലും അന്താരാഷ്ട്ര സർവീസുകളിലാണെങ്കിൽ ദിവസത്തിന് 200 റിയാലും തോതിൽ പരമാവധി അഞ്ചു ദിവസം വരെ നഷ്ടപരിഹാരം നൽകാനായിരുന്നു പഴയ നിയമാവലിയിൽ വ്യവസ്ഥ.
ടിക്കറ്റ് എടുക്കും നേരം പറയാതിരുന്ന സ്റ്റോപ് ഓവർ പിന്നീട് കൂട്ടിച്ചേർത്താൽ പുതുതായി വരുന്ന ഓരോ സ്റ്റോപ് ഓവറിനും 500 റിയാൽ തോതിൽ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെയുള്ള നിയമത്തിൽ ഇത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടായിരുന്നില്ല. റൺവേയിൽ മൂന്നു മണിക്കൂറിലേറെ വിമാനം വൈകുന്ന പക്ഷം വിമാനത്തിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർക്ക് അവകാശമുണ്ട്. കൂടാതെ സർവീസ് റദ്ദാക്കൽ വകുപ്പുകൾ പ്രകാരമുള്ള നഷ്ടപരിഹാരത്തിനും  അവകാശമുണ്ട്. പഴയ നിയമത്തിൽ ഇക്കാര്യത്തിൽ പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്തിരുന്നില്ല. അംഗപരിമിതരായവർക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുകയും വീൽചെയർ ലഭ്യമാക്കിയില്ലെങ്കിൽ 500 റിയാലും നഷ്ടപരിഹാരം നൽകണമെന്നാണ്  നിയമം അനുശാസിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ എവിടെയാണ് പരാതി നൽകേണ്ടതെന്നായിരിക്കും സംശയം. ഒരു സംശയവും വേണ്ട. ആദ്യം പരാതി നൽകേണ്ടത് വിമാന കമ്പനിക്കാണ്. ഏഴു ദിവസത്തിനകം അവരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനെ സമീപിക്കണം. സിവിൽ ഏവിയേഷൻ എത്രയും വേഗത്തിൽ പരാതിയിൽ തീർപ്പു കൽപിക്കും. വിമാന സർവീസ് സേവനദാതാക്കളുടെ ശുഷ്‌കാന്തിക്കുറവ് പല ഘട്ടങ്ങളിലും വിമാനത്താവളങ്ങളിൽ അസൗകര്യങ്ങളുണ്ടാക്കാറുണ്ട്. യാതൊരു മുന്നറിയിപ്പില്ലാതെയുള്ള റദ്ദാക്കലും വൈകലും മണിക്കൂറുകളോളം യാത്രക്കാരെ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കാൻ ഇടയാക്കാറുണ്ട്. ലഗേജുകൾ അലസമായി കൈകാര്യം ചെയ്യുന്നതു വഴി യാത്രക്കാർക്ക് ഭീമമായ നഷ്ടവും സംഭവിക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും പുതിയ നിയമം ഏറെ സഹായകമാണ്.
2030 ഓടെ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി സൗദി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യവുമായാണ് സൗദി നീങ്ങുന്നത്.  പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും കാർഗോ ശേഷി 45 ലക്ഷം ടൺ ആയും സൗദിയിൽനിന്ന്  വിദേശ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം 250 ആയും ഉയർത്തുകയാണ് ലക്ഷ്യം. അതു സാധ്യമാകണമെങ്കിൽ വിമാനക്കമ്പനികൾ സമയനിഷ്ഠയും കൃത്യതയും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. വീഴ്ച വരുത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ അതു സാധിക്കൂ എന്നതിനാലാണ് സൗദി നിയമം കടുപ്പിച്ചത്. ഇതു യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാണ്. സർവീസുകളിൽ കൃത്യത പാലിക്കാൻ വിമാന കമ്പനികളെ നിർബന്ധിതരാക്കും. ഇനി ഏതെങ്കിലും വിമാന കമ്പനി വീഴ്ച വരുത്തുകയാണെങ്കിൽ അതിനെ ചോദ്യം ചെയ്തു അർഹതപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കാൻ യാത്രക്കാരും തയാറാവണം.

Latest News