തിരുവനന്തപുരം - പിണറായി സർക്കാറിന്റെ നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികൾ വീതവും തിരൂരങ്ങാടി, വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറു കുട്ടികളെയും എത്തിക്കണമെന്നാണ് തിരൂരങ്ങാടി ഡി.ഇ.ഒയുടെ നിർദ്ദേശം.
അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോകണമെന്നുമുള്ള ഡി.ഇ.ഒയുടെ നിർദ്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തത്. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറോട് വിശദീകരണവും തേടി.
അതിനിടെ, പാർട്ടി ക്യാമ്പയിന് സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു വ്യക്തമാക്കി. നവകേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹരജി നൽകുകയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കേരളത്തിൽ ഒരു സർക്കാറും തങ്ങളുടെ പൊളിട്ടിക്കൽ ക്യാമ്പയിന് സ്കൂളുകളെ വേദിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിയും പരിവാരങ്ങളും തെറ്റായ കീഴ്വഴക്കമാണ് ഉണ്ടാക്കുന്നതെന്നും ഇത് സ്കൂളുകളിൽ ചേരിതിരിവിനും അനാവശ്യ വിവാദങ്ങൾക്കും വഴിയൊരുക്കുമെന്നും അക്കാദമിക് വിദഗ്ധർ അടക്കമുള്ളവർക്ക് അഭിപ്രായമുണ്ട്.
വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ സാക്ഷരത വേണം, എന്നു കരുതി അന്ധമായ കക്ഷിത്വമോ രാഷ്ട്രീയ പാർട്ടികളുടെ പൊളിട്ടിക്കൽ താൽപര്യങ്ങൾക്കോ വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചട്ടുകമാകുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മറ്റും തന്ത്രപരമായി, സർക്കാർ മറ ഉപയോഗിച്ച് ദുരുപയോഗപ്പെടുത്തുന്നത് ഏത് സർക്കാറായാലും ആശാസ്യമല്ലെന്നും ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും വിമർശങ്ങളുണ്ട്.