ഗാസ- ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ആശുപത്രി ഡയറക്ടറെ ഇസ്രായില്‍ സേന അറസ്റ്റ് ചെയ്തു. മറ്റ് നിരവധി മെഡിക്കല്‍ ഉദ്യോഗസ്ഥരെയും ഇസ്രായില്‍ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സാല്‍മിയയും മറ്റ് നിരവധി മുതിര്‍ന്ന ഡോക്ടര്‍മാരും അറസ്റ്റിലായി- ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ഖാലിദ് അബു സംര എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രി പൂര്‍ണമായും കൈവശപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റുകളെന്ന് കരുതുന്നു. ഹമാസ് ആശുപത്രിയെ കമാന്‍ഡ് സെന്ററായി ഉപയോഗിച്ചുവെന്നാണ് ഇസ്രായില്‍ ആരോപണം.
ഇസ്രായില്‍ സൈന്യം മെഡിക്കല്‍ കോംപ്ലക്സ് ദിവസങ്ങളായി ഉപരോധിച്ചിരിക്കുകയാണ്. ഇവിടെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഖബറടക്കാന്‍പോലും അനുവദിച്ചില്ല. ഇത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി.