Sorry, you need to enable JavaScript to visit this website.

ഭിന്നശേഷി സംവരണത്തിൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രണ്ടു സ്വരം; പ്രശ്‌നം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

- ആർക്കും സംവരണ നഷ്ടമില്ലെന്ന് മന്ത്രി ആർ ബിന്ദു
കൽപ്പറ്റ - ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോഴുണ്ടാകുന്ന മുസ്‌ലിം സംവരണത്തിലെ കുറവ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊത്തം സംവരണ പരിധി ഉയർത്താനകാത്തതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്നും ആരെയും ഒഴിവാക്കുന്ന സ്ഥിതിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുമ്പോഴുള്ള റൊട്ടേഷനിലെ പ്രശ്‌നം കാരണം മുസ്‌ലിം വിഭാഗത്തിന് രണ്ടുശതമാനം സംവരണം നഷ്ടപ്പെടുമെന്നും ഭിന്നശേഷി സംവരണത്തിന്റെ മറവിൽ സർക്കാർ സർവീസിലെ മുസ്‌ലിം സംവരണം കവർന്നെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ് കടുത്ത അനീതിയാണെന്നും തിരുത്തണമെന്നും വിവിധ മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംവരണക്കുറവുണ്ടാകുന്ന സാഹചര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. 
 എന്നാൽ, ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ഒരു വിഭാഗത്തിന്റെയും സംവരണം നഷ്ടമാകില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ അവകാശവാദം. തിരശ്ചീന രീതിയിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കുക. നിലവിൽ സംവരണാനുകൂല്യം ലഭിക്കുന്ന സാമൂഹിക വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാകില്ലെന്നും ഭിന്നശേഷി വിഭാഗക്കാർക്ക് അർഹമായ സംവരണ ആനുകൂല്യമാണ് നൽകുന്നതെന്നും മന്ത്രി പ്രതികരിച്ചു.
 നരേന്ദ്രൻ കമ്മിഷനിലെ ബാക്ക്‌ലോഗ് നികത്താത്തത് അടക്കം, വിദ്യാഭ്യാസ തൊഴിൽ ഉദ്യോഗ അധികാര മേഖലകളിൽ നിലവിൽ തന്നെ അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ ഉള്ള അവസരങ്ങൾ പോലും കവർന്നെടുക്കുന്ന സ്ഥിതി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. 
 മുസ്‌ലിം വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് എടുത്ത് കളഞ്ഞത് പുന:സ്ഥാപിക്കാത്ത സർക്കാർ കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിൽനിന്ന് മുസ്‌ലിം കുട്ടികളെ പുറത്താക്കിയെന്നും മുന്നാക്ക സംവരണത്തിന്റെ മറപിടിച്ച് മുസ്‌ലിം സമുദായത്തിന്റെ അവസര നഷ്ടങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹരിക്കാൻ നടപടി ഉണ്ടായില്ലെന്നും വിമർശങ്ങളുണ്ട്.
 

Latest News