ടെല്‍അവീവ്-ഹമാസ് നേതാക്കളെ അവര്‍ എവിടെ ആയിരുന്നാലും വധിക്കാന്‍ ചാരസംഘടനയായ മൊസാദിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധ കാബിനറ്റിലെ മന്ത്രിമാരോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിനും കരാര്‍ വൈകിച്ചതിനും ഒരു പോലെ വിമര്‍ശനം നേരിടുകയാണ് നെതന്യാഹു.
ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയ്യയും ഖാലിദ് മിശ്അലും ഇസ്രായിലിന്റെ തോല്‍വിയില്‍ ആഹ്ലാദിക്കുകയാണെന്നും അവര്‍ തുടര്‍ന്നും ഗാസ ഭരിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് വാര്‍ത്താ ലേഖകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഹമാസുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാനിരിക്കെ, ഹമാസിനേയും അതിന്റെ നേതാക്കളേയും ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായില്‍ നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്.
വെടിനിര്‍ത്തല്‍ നാലു ദിവസത്തില്‍നിന്ന് നീട്ടിയാല്‍ എങ്ങനെ ഹമാസ് നേതാക്കളെ ലക്ഷ്യമിടുമെന്ന ചോദ്യത്തിന് വെടിനിര്‍ത്തല്‍ നീട്ടണമെന്ന ഉപാധിയില്ലെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.
ഹമാസ് നേതാക്കള്‍ മരിച്ചുകഴിഞ്ഞുവെന്നും അവര്‍ കടമെടുത്ത സമയത്താണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് പറഞ്ഞു.