നജ്‌റാന്-സൗദി അറബ്യയുടെ തെക്കന്‍ പ്രവിശ്യയായ നജ്‌റാനില്‍ ഹൂതികളുടെ ഷെല്ലാക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ കുടുംബത്തിന് സൗദി സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുകയായ നാല് ലക്ഷം റിയാല്‍ (99 ലക്ഷം രൂപ) ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറി.
2016ലാണ് നജ്‌റാന് നേരേയുണ്ടായ ഷെല്ലാക്രമണത്തില്‍ ഉത്തര്‍പ്രദേശ് നിസാമാബാദ് സ്വദേശി മുന്നായാദവ് (50) മരിച്ചത്. സൗദി സര്‍ക്കാര്‍ അനുവദിച്ച നഷ്ട്ടപരിഹാര തുകയുടെ ചെക്ക് സൗദി അഭ്യന്തര മന്ത്രാലയമാണ് ജിദ്ദ കോണ്‍സിലേറ്റിന് കൈമാറിയത്. നജ്‌റാന്‍ സന്ദര്‍ശിച്ച ജിദ്ദ കോണ്‍സിലേറ്റ് ഉദ്യേഗസ്ഥന്‍ മുഹമ്മദ് ഫൈസല്‍ തബാറക്ക് അലി നജ്‌റാന്‍ പ്രവശ്യാ പോലീസ് മേധാവിയില്‍നിന്ന് ചെക്ക് ഏറ്റ് വാങ്ങി. നജ്‌റാനിലെ സാമൂഹ്യ പ്രവര്‍ത്തകനും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗവുമായ സലീം ഉപ്പള കോണ്‍സിലേറ്റ് ഉദ്യോഗസ്ഥനെ അനുഗമിച്ചു.
ഭാര്യ ശാരദ ദേവി, മക്കളായ അര്‍ച്ചന, രഞ്ചന, ഗരിമ, കിഷന്‍എന്നിവരടങ്ങുന്നതാണ് മുന്നാ യാദവിന്റെ കുടുംബം.
ജിദ്ദ കോണ്‍സിലേറ്റ് ഉദ്യോഗസ്ഥന്റെ രണ്ട് ദിവസത്തെ നജ്‌റാല്‍ സന്ദര്‍ശനവേളയില്‍ ശറൂറയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ കുവൈത്ത് അതിര്‍ത്തിയിലെ അല്‍ഖൈറില്‍ രണ്ട് മാസം മുമ്പ് മരിച്ച തമിഴ്‌നാട് സ്വദേശി വിജയ് യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു തടസ്സമായിരുന്ന നിയമനടപടികള്‍ നജ്‌റാന്‍ പ്രവിശ്യ പോലീസുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കി. വിജയ് ജോലി ചെയ്തിരുന്ന കമ്പനി മൃതദേഹം നാട്ടിലെത്തിക്കും.