Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ ഉത്തരവ് പാരയായി; ആയിരക്കണക്കിന് ഫ്രഞ്ച് പശുക്കള്‍ പെരുവഴിയില്‍

പാരിസ്- ഇറാനു മേല്‍ യുഎസ് വീണ്ടും ഉപരോധമേര്‍പ്പെടുത്തിയതോടെ ഫ്രാന്‍സിലെ നോര്‍മാന്‍ഡി മേഖലയില്‍ ആയിരക്കണക്കിന് പശുക്കള്‍ പെരുവഴിയിലായി. ഇറാനിലേക്ക് കയറ്റു മതി ചെയ്യാനായി തയാറാക്കിയിരുന്ന ഇവയെ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ ഉപരോധ ഉത്തരവ് വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നിരവധി ഫ്രഞ്ച് കര്‍ഷകര്‍. നോര്‍മാന്‍ഡിയിലെ കര്‍ഷരും ഒരു ഇറാനി കമ്പനിയും തമ്മിലാല്‍ കാലി കയറ്റുമതി കരാറുണ്ടാക്കിയിരുന്നത്. ഇതു പ്രകാരം അടുത്ത മാസങ്ങളിലായി ഇറാനിലെ അറവു ശാലകളിലേക്ക് കയറ്റി അയക്കാനിരിക്കുകയായിരുന്നു ഈ കാലികളെ. ഉപരോധം നിലവില്‍ വന്നതോടെ ഇറാനില്‍ നിന്നുള്ള പണമിടപാടുകള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.

ഫ്രഞ്ച് കര്‍ഷകരുടെ സഹകരസംഘമായ അഗ്രിയാലും ഇറാന്‍ കമ്പനിയായ സീമോര്‍ഗും തമ്മിലായിരുന്നു കാലിക്കയറ്റുമതി കരാര്‍. ഇതു പ്രകാരം ഫ്രഞ്ച് കര്‍ഷകര്‍ പ്രതിവര്‍ഷം 20,000 പശുക്കളെ ഇറാനിലേക്ക് കയറ്റിഅയക്കാനായിരുന്നു പദ്ധതി. അഗ്രിയാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി ഫ്രഞ്ച് സെനറ്റര്‍ നതാലി ഗുലെ പറഞ്ഞു. അഗ്രിയാല്‍ യുഎസിലും പ്രവര്‍ത്തിക്കുന്നുണ്ട്. കാലി കയറ്റുമതി മെച്ചപ്പെടുന്നതോടെ ഇറാനില്‍ കൂടുതല്‍ ഉല്‍പ്പനങ്ങള്‍ക്ക് വിപണി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഫ്രഞ്ച് കര്‍ഷകരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയുടെ പ്രസിഡന്റ് ആനി മേരി ഡെനിസ് പറയുന്നു. 

യുറോപ്പിലെ ഏറ്റവും വലിയ കാര്‍ഷിക കയറ്റുമതി രാജ്യമാണ് ഫ്രാന്‍സ്. കാലി കയറ്റുമതി മുടങ്ങിയത് മൊത്തം കയറ്റുമതിയ ബാധിക്കില്ലെങ്കിലും ഇതു വ്യക്തമാക്കുന്നത് ഇറാനുമേലുള്ള യുഎസ് ഉപരോധം ആഗോള വ്യാപര രംഗത്തുണ്ടാക്കിയേക്കാവുന്ന ദുരവ്യാപക പ്രത്യാഘാതങ്ങളാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിലവിലുണ്ടായിരുന്ന ഉപരോധം 2016 യുഎസ് പിന്‍വലിച്ചതോടെ ഇറാന്റെ യുറോപ്പുമായുള്ള വ്യാപാരത്തില്‍ വലിയ കുതിപ്പുണ്ടായിരുന്നു.

ഇപ്പോഴത്തെ ഉപരോധം സ്വര്‍ണം, ലോഹങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയ ഉരുപ്പടികളുടെ വ്യാപരത്തിനു മേലാണെങ്കിലും കാലികള്‍ക്ക് ബാധകമല്ല. എന്നാല്‍ ഡോളറില്‍ വ്യാപാരം നടത്തുന്നതില്‍ നിന്നും ഇറാനെ തടഞ്ഞതോടെ എല്ലാ മേഖലയേയും ബാധിച്ചിരിക്കുകയാണ്. റെനാ, പെഷോ, ഡെയ്ംലര്‍, ടോട്ടല്‍ തുടങ്ങി യുറോപ്യന്‍ വമ്പന്‍മാരെല്ലാം ഇറാനിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News