ന്യൂദല്‍ഹി- കൈക്കൂലിയായി മൂന്ന് വിമാനങ്ങള്‍ വാങ്ങിയെന്ന അഴിമതി ആരോപണം നേരിടുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)ഡയറക്ടറെ ഒടുവില്‍ സസ്‌പെന്‍ഡ് ചെയ്തു. കുറ്റകൃത്യങ്ങളോട് ഒട്ടും വിട്ടുവീഴ്ചയില്ലെന്നും നിയമാനുസൃതമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
അടുത്തിടെ എയ്‌റോസ്‌പോര്‍ട്‌സ് വകുപ്പിലേക്ക് പുനര്‍നിയമനം ലഭിച്ച ക്യാപ്റ്റന്‍ അനില്‍ ഗില്ലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗില്ലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രാലയത്തിനും ഡിജിസിഎക്കും അജ്ഞാത ഇമെയില്‍ ലഭിച്ചിരുന്നു.
അനില്‍ ഗില്ലിനെതിരായ കൈക്കൂലി കേസ് സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) കൈമാറാന്‍ ഡി.ജി.സി.എ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ചെക്ക് റിപ്പബ്ലിക്കിലേക്ക് പൈപ്പര്‍ പിഎ28 എയര്‍ക്രാഫ്റ്റ് പരിശീലനത്തിനായി തന്നെ അയക്കാന്‍ ഡിജിസിഎയുടെ അംഗീകൃത ട്രയിനിംഗ് സ്ഥാപനമായ (എഫ്.ടി.ഒ)സ ്‌കൈനെക്‌സ് എയ്‌റോഫ്‌ലൈറ്റ് സൊല്യൂഷന്‍സ് എന്ന കമ്പനിയില്‍ ഗില്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു ഒരു ഇ മെയില്‍.
തന്റെ ബിനാമി കമ്പനിയായ സേബേഴ്‌സ് കോര്‍പ്പറേറ്റ് സൊല്യൂഷനും വിമാന നിര്‍മാതാക്കളായ ബ്രിസ്റ്റല്‍ എയര്‍ക്രാഫ്റ്റും തമ്മിലുള്ള ഡീലര്‍ഷിപ്പ് സ്ഥാപിക്കാന്‍ ഗില്‍ ഈ സന്ദര്‍ശനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. വിദേശ നാണ്യത്തില്‍ കമ്മീഷന്‍ നേടുകയായിരുന്നു ലക്ഷ്യം. രണ്ടാമത്തെ ഇമെയില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതിനെ കുറിച്ചായിരുന്നു.
വിമാനം കൈക്കൂലിയായി വാങ്ങിയെന്നും മറ്റും ആരോപിച്ച് ഇമെയില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഗില്ലിനെ ഫ്‌ളൈറ്റ് ട്രെയിനിംഗില്‍ നിന്ന് എയ്‌റോസ്‌പോര്‍ട്‌സ് ഡയറക്ടറിലേക്ക് മാറ്റിയത്.
ക്യാപ്റ്റന്‍ ഗില്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഫഌിംഗ് സ്‌കൂളുകളില്‍ നിന്ന് കൈക്കൂലിയായി മൂന്ന് വിമാനങ്ങള്‍ വാങ്ങുകയും 90 ലക്ഷം രൂപ വീതം വാടകയ്ക്ക് വിവിധ സ്‌കൂളുകള്‍ക്ക് നല്‍കിയെന്നും ഇമെയിലില്‍ പറയുന്നു.