ന്യൂയോര്‍ക്ക്- പ്യു റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യു. എസില്‍ അനധികൃതമായി താമസിക്കുന്ന ഏഴേകാല്‍ ലക്ഷം ഇന്ത്യക്കാരുണ്ട്. യു. എസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. മെക്സിക്കോ, എല്‍ സാല്‍വഡോര്‍ എന്നിവയാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത്.
2021ലെ കണക്കനുസരിച്ച് രാജ്യത്തെ 10.5 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ മൊത്തം യു. എസ് ജനസംഖ്യയുടെ മൂന്ന് ശതമാനമാകും. ലോകത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും 2007 മുതല്‍ 2021 വരെ യു. എസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയാണുണ്ടായത്. മധ്യ അമേരിക്ക (240,000), തെക്ക്, കിഴക്കന്‍ ഏഷ്യ (180,000) എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും വലിയ വര്‍ധനവ്.
യു. എസില്‍ താമസിക്കുന്ന മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2021ല്‍ 4.1 ദശലക്ഷമായിരുന്നു. 1990-കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറവാണിത്. എല്‍ സാല്‍വഡോറില്‍ നിന്നും 800,000, ഏഴേകാല്‍ ലക്ഷം കുടിയേറ്റക്കാരുള്ള ഇന്ത്യ എന്നിവയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും കൂടുതല്‍ യു. എസ് അനധികൃത കുടിയേറ്റക്കാരുള്ള രാജ്യങ്ങളില്‍ ഇന്ത്യ, ബ്രസീല്‍, കാനഡ, മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയെല്ലാം 2017 മുതല്‍ 2021 വരെ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, നിയമാനുസൃതമായ കുടിയേറ്റ ജനസംഖ്യ എട്ട് ദശലക്ഷത്തിലധികം വര്‍ധിച്ചു- 29 ശതമാനം വര്‍ധനയാണിത്.