ടെൽഅവീവ്- ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായിലിൽ ശക്തമാകുന്ന രാഷ്ട്രീയ കരുനീക്കങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്ഥാനം തെറിച്ചേക്കും. ഗാസയിൽ യുദ്ധം നടക്കുന്ന കാലത്തോളം നെതന്യാഹുവിന്റെ അധികാരം സുരക്ഷിതമായിരുന്നു. എന്നാൽ ഇനിയുള്ള നാളുകളിൽ അതായിരിക്കില്ല സ്ഥിതി എന്നാണ് പുറത്തുവരുന്ന വിവരം. യുദ്ധം അവസാനിച്ചാലുടൻ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അന്വേഷണ സമിതി, ആഭ്യന്തര കലഹം രൂക്ഷമാക്കുന്നതിൽ നെതന്യാഹുവിനേയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പങ്കാളികളേയും കുറ്റപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇസ്രായിലിന് നേരെ ആക്രമണമുണ്ടാകുമെന്ന് മാസങ്ങൾക്ക് മുമ്പു തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ നെതന്യാഹു ഭരണകൂടം തയ്യാറായില്ല. ഗാസ യുദ്ധം നടക്കുന്നതിനിടെ ഇസ്രായിലിൽ ഭരണമാറ്റം നടത്താനാകുമായിരുന്നില്ല. ഭരണമാറ്റം രാജ്യത്ത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നതിനാൽ പ്രതിപക്ഷവും ഭരണമുന്നണിയിലെ വിമതരും അതിന് തയ്യാറായില്ല.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന്റെ ഭാഗമായ ജൂത പാർട്ടിയുടെ തലവനും തീവ്രവാദിയുമായ ഇറ്റാമർ ബെൻ ഗ്വിർ ബന്ദി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വെടിനിർത്തൽ കരാറിനെതിരെ വോട്ടു ചെയ്ത് ഗ്വിർ ബന്ദി കരാറിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. നെതന്യാഹു അധികാരത്തിലിരിക്കുന്ന ദിവസങ്ങൾ എണ്ണപ്പെട്ടു എന്നതാണ് ഇസ്രായിലിലെ വികാരം. കഴിഞ്ഞ പതിനാറു വർഷമായി ഇസ്രായിലിന്റെ ഭരണം നിയന്ത്രിക്കുന്നത് ബെഞ്ചമിൻ നെതന്യാഹുവാണ്.
ഒക്‌ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇസ്രായിൽ തെരുവുകളിൽ നടന്ന പ്രതിഷേധങ്ങൾ ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ട് നെതന്യാഹുവിനെയും നിലവിലെ അടിയന്തര സർക്കാരിലെ അദ്ദേഹത്തിന്റെ പങ്കാളികളെയും മുൻ പ്രതിരോധ സേനാ മേധാവികളെയും നേരത്തെ പ്രതിപക്ഷത്തിന്റെ ഭാഗമായിരുന്ന ബെന്നി ഗാന്റ്‌സ്, ഗാഡി ഐസെൻകോട്ട് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പുരുഷന്മാരെയും സൈനികരെയും ഒഴിവാക്കി സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമേ കരാർ ബാധകമാകൂ എന്ന വസ്തുത അംഗീകരിക്കാൻ ഇസ്രായിലിൽ ഭൂരിഭാഗം പേരും തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ ഹമാസിനെ കൂടുതൽ ശക്തമായ രീതിയിലേക്ക് പരിവർത്തിപ്പിക്കാൻ മാത്രമേ വെടിനിർത്തൽ സഹായകമാകൂ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശേഷിക്കുന്ന ബന്ദികളെ ഉപയോഗിച്ച് കൂടുതൽ വിലപേശാൻ ഹമാസ് തയ്യാറാകുമെന്നും ഇവർ വാദിക്കുന്നു.
ഇത് ആദ്യമായല്ല ബെഞ്ചമിൻ നെതന്യാഹു തന്ത്രപ്രധാനമായ തടവുകാരുടെ കൈമാറ്റ കരാറിൽ ഒപ്പുവെക്കുന്നത്. 2011ൽ ഗിലാദ് ഷാലിത് എന്ന ഒരൊറ്റ ഇസ്രായേലി സൈനികന് പകരമായി 1,000 തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. അന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 280 പേരും മോചിതരായ തടവുകാരിൽ ഉൾപ്പെടുന്നു. ഗാസയിലെ നിലവിലെ ഹമാസ് നേതാവ് യഹ്യ സിൻവാറിനെയും ഇങ്ങിനെ മോചിപ്പിച്ചിരുന്നു.