സംരംഭകരോട് കേരളം പുലർത്തുന്ന നിഷേധാത്മക നിലപാടാണ് റോബിൻ ബസുമായി ബന്ധപ്പെട്ട സംഭവത്തിലൂടെയും പുറത്തു വരുന്നത്. തന്റെ സംരംഭത്തെ തകർക്കാൻ ശ്രമിച്ച പഞ്ചായത്ത് അധികൃതർക്കെതിരെ നടുറോട്ടിൽ കിടന്നു സമരം ചെയ്ത പ്രവാസി വ്യവസായിയുടെ ദൃശ്യങ്ങൾ കേരളം കണ്ടിട്ട് അധിക ദിവസമായിട്ടില്ല. അന്ന് മന്ത്രിമാരടക്കം ഇടപെട്ട് വ്യവസായിക്ക് അനുകൂലമായ തീരുമാനമുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം കണ്ട വാർത്ത അയാൾക്കെതിരെ സമരം നടത്തിയതിനു കേസെടുത്തിരിക്കുന്നു എന്നാണ്. ഏതാനും മാസം മുമ്പ് കോട്ടയത്ത് മറ്റൊരു ബസുടമയെ മർദിച്ചതും നമ്മൾ കണ്ടു. അവിടെയും ഹൈക്കോടതി വിധി ബസുടമക്ക് അനുകൂലമായിരുന്നു. സംരംഭകരെ ശത്രുക്കളായി കാണുന്ന നിലപാട് മാറ്റാതെ എത്ര കൊട്ടിഘോഷിച്ചാലും കേരള വികസനം യാഥാർത്ഥ്യമാകാൻ പോകുന്നില്ല.
ഹൈക്കോടതി വിധിയുടെ പിന്തുണയോടെ സർവീസ് നടത്തുന്ന റോബിൻ എന്ന ബസിനും ബസുടമക്കും എതിരെ വൻ പ്രചാരണമാണല്ലോ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. എത്ര ശുഷ്‌കാന്തിയോടെയാണ് ഗതാഗത വകുപ്പും കെ. എസ്. ആർ. ടി. സിയും രംഗത്തിറങ്ങിയിരിക്കുന്നത്?
ബസോടുന്നതിൽ നിയമ വിരുദ്ധതയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ വീണ്ടും കോടതിയിൽ പോകുന്നതിനു പകരം വഴി നീളെ തടയുകയാണ് വകുപ്പ് ചെയ്തത്. കെ. എസ്. ആർ. ടി. സിയാകട്ടെ ആ ബസിനു മുന്നിൽ തങ്ങളുടെ ബസോടിക്കുന്നു. ആ ബസിനും പെർമിറ്റില്ല എന്ന വാർത്ത കണ്ടു. എന്തായാലും കോടതിയിൽ പോകാൻ കെ. എസ്. ആർ. ടി. സി തയാറായിട്ടുണ്ട്. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ബസുടമയും പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ശരിയായ സമീപനം.
നവകേരള സദസ്സിൽ വെച്ച് തന്റെ സർക്കാരിന്റ ഭരണ നേട്ടമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞ വിഷയങ്ങളിൽ ഒന്ന് കെ. എസ്. ആർ. ടി. സിക്ക് 9700 കോടി സഹായം നൽകിയെന്ന്. സ്വകാര്യ ബസിനേക്കാൾ ചാർജ് വാങ്ങിയിട്ടും പ്രധാന റൂട്ടുകൾ പലതും കുത്തകയായിട്ടും രാത്രിയിലും ഓടിയിട്ടും ജീവനക്കാർക്ക് കൃത്യമായി വേതനം കൊടുക്കാതെയുമാണ് പൊതുഖജനാവിൽ നിന്ന് ഇത്രയും കോടി കെ.എസ്.ആർ.ടി.സി കൈനീട്ടി വാങ്ങുന്നത്. ഒരു കോടി ചെലവാക്കുന്നതിനാൽ മന്ത്രിസഭ സഞ്ചരിക്കുന്ന ബസ് ധൂർത്താണെന്ന (അനാവശ്യ) ചർച്ച നടക്കുന്ന നാട്ടിലാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ജനങ്ങളുടെ യാത്രാചാർജിനു പുറമെ ഒരു ബസിന് രണ്ടു കോടിയിൽപരം സർക്കാർ കൊടുത്തിരിക്കുന്നത്. എന്നിട്ടാണ് ഒരു സ്വകാര്യ ബസിനോട് കെ എസ് ആർ ടി സി ഈ പരാക്രമം കാണിക്കുന്നത്. പണ്ട് സ്വകാര്യ ബസുകാരിൽ നിന്ന് പണം വാങ്ങി അവയുടെ പിറകിൽ കെ എസ് ആർ ടി സി ഓടിയിരുന്നത് സ്വാഭാവികമായും ഓർമ വരുന്നു. കെ എസ് ആർ ടി സിയുടെ തകർച്ചക്ക് പല കാരണങ്ങളിൽ ഒന്ന് അതായിരുന്നു.
അടിസ്ഥാനപരമായി സംരംഭകരോട് കേരളം പുലർത്തുന്ന നിഷേധാത്മക നിലപാടാണ് റോബിൻ ബസുമായി ബന്ധപ്പെട്ട സംഭവത്തിലൂടെയും പുറത്തു വരുന്നത്. തന്റെ സംരംഭത്തെ തകർക്കാൻ ശ്രമിച്ച പഞ്ചായത്ത് അധികൃതർക്കെതിരെ നടുറോട്ടിൽ കിടന്നു സമരം ചെയ്ത പ്രവാസി വ്യവസായിയുടെ ദൃശ്യങ്ങൾ കേരളം കണ്ടിട്ട് അധിക ദിവസമായിട്ടില്ല. അന്ന് മന്ത്രിമാരടക്കം ഇടപെട്ട് വ്യവസായിക്ക് അനുകൂലമായ തീരുമാനമുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം കണ്ട വാർത്ത അയാൾക്കെതിരെ സമരം നടത്തിയതിനു കേസെടുത്തിരിക്കുന്നു എന്നാണ്. ഏതാനും മാസം മുമ്പ് കോട്ടയത്ത് മറ്റൊരു ബസുടമയെ മർദിച്ചതും നമ്മൾ കണ്ടു. അവിടെയും ഹൈക്കോടതി വിധി ബസുടമക്ക് അനുകൂലമായിരുന്നു. സംരംഭകരെ ശത്രുക്കളായി കാണുന്ന നിലപാട് മാറ്റാതെ എത്ര കൊട്ടിഘോഷിച്ചാലും കേരള വികസനം യാഥാർത്ഥ്യമാകാൻ പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കച്ചവടത്തെ വളരെ മോശമായ തൊഴിലായി അവതരിപ്പിക്കുന്ന പൊതുബോധവും മാറണം.
സംരംഭകരെ ഒന്നടങ്കം, അവർ ചെറുകിടക്കാരോ വൻകിടക്കാരോ ആകട്ടെ, ആക്ഷേപിക്കുന്ന പൊതുരീതിയാണ് പൊതുവിൽ മലയാളികളുടേത്. അതിനു പ്രധാന കാരണം ഇവിടെ നിലനിൽക്കുന്ന ഇടതുപക്ഷ ചിന്താഗതി തന്നെയാണ്. കമ്യൂണിസ്റ്റുകാരുടെ വർഗസമര സിദ്ധാന്തമനുസരിച്ച് അവരെല്ലാം വർഗശത്രുക്കളാണല്ലോ. സർക്കാർ ജീവനക്കാരുടെ പകുതി പോലും വരുമാനമില്ലാത്ത പെട്ടിക്കടക്കാരൻ മുതൽ യൂസഫലി വരെയുള്ളവർ നമുക്ക് ബൂർഷ്വാസികളാണ്. ബൂർഷ്വാസി സമം ചൂഷകൻ. സമീപകാലത്ത് വൻകിട കോർപറേറ്റുകളെ ശത്രുപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കാണുന്നു. വിഴിഞ്ഞമൊക്കെ ഉദാഹരണം. പക്ഷേ ചെറുകിട, ഇടത്തരം സംരംഭകരോടുള്ള സമീപനത്തിൽ കാര്യമായ വ്യത്യാസം ഇപ്പോഴുമില്ല. വാസ്തവത്തിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരെ പോലെ ആദരിക്കപ്പെടേണ്ടവരാണ് കുറെ പേർക്ക് തൊഴിൽ നൽകുന്ന സംരംഭകരും. തീർച്ചയായും എല്ലാ മേഖലയിലുമുള്ള രീതിയിൽ കള്ള നാണയങ്ങൾ ഇവിടെയുമുണ്ട്. പക്ഷേ അതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ലല്ലോ.
എത്രയോ നിക്ഷേപ സാധ്യതകളുണ്ടായിട്ടും കേരളം അക്കാര്യത്തിൽ പിറകിലാകാനുള്ള പ്രധാന കാരണം ഈ നിഷേധാത്മക സമീപനമാണ്. പ്രവാസി മലയാളികൾ പോലും ഇവിടെ നിക്ഷേപങ്ങൾ നടത്താൻ മടിക്കാൻ കാരണം ഈ സമീപനവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവുമാണ്. മറുവശത്ത്, എല്ലാ രാഷ്ട്രീയക്കാർക്കും സംഭാവനക്കായി ഇവരെ ആവശ്യമാണുതാനും. സാമ്പത്തിക വിദഗ്ധനായ ജോസ് സെബാസ്റ്റിയൻ ചൂണ്ടിക്കാട്ടിയ പോലെ ഇടതുപക്ഷത്തിനു ആത്മാഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കുന്നവരെ ഇഷ്ടമല്ല. അവർക്കു വേണ്ടത് ആശ്രിത സംസ്‌കാരമാണ്. വ്യവസായം എന്നാൽ പൊതുമേഖലയാണ്. സ്വകാര്യ സംരംഭകരെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. എല്ലാവരും സർക്കാരിനെ ആശ്രയിക്കണം. പാർട്ടിയുടെ പ്രാദേശിക നേതാവ് മുതൽ എല്ലാവരെയും താണുവണങ്ങി നിന്നാൽ സംരംഭം നടത്തിക്കൊണ്ടു പോകാം. പറ്റുമെങ്കിൽ പാർട്ടി അംഗത്വം തന്നെ എടുത്തോ. പാർട്ടിക്ക് സംഭാവന കൊടുക്കുക, പാർട്ടിക്കാരെ ജോലിക്ക് എടുക്കുക, പാർട്ടി പരിപാടികൾക്കു ആവശ്യമുള്ള സഹായം ചെയ്യുക അങ്ങനെ പലതും ഈ ആശ്രിത സംസ്‌കാരത്തിന്റെ ഭാഗമാണ്. അദ്ദേഹം പറഞ്ഞതിൽ യാഥാർത്ഥ്യം ഇല്ലാതില്ല.
സംരംഭകരും മുതലാളിമാരും കച്ചവടക്കാരുമൊക്കെ എത്രയോ പേർക്ക് തൊഴിൽ കൊടുക്കുന്നവരാണ് എന്നു പോലും നാം ഓർക്കുന്നില്ല. കാലഹരണപ്പെട്ട പല പ്രത്യയശാസ്ത്രങ്ങളും വലിച്ചെറിയാതെ കേരള വികസനം സാധ്യമാകില്ല എന്നതാണ് വസ്തുത. അതാണ് നിരന്തരം സംരംഭകത്വത്തെ കുറിച്ച് പറയുന്ന മന്ത്രി പി. രാജീവ് മനസ്സിലാക്കേണ്ടത്. തീർച്ചയായും സംരംഭകരെ നിയന്ത്രിക്കാനുള്ള സർക്കാർ സംവിധാനം വേണം. ബസ് ചാർജും ഓട്ടോ ചാർജും നിശ്ചയിക്കാനും ഹോട്ടലുകൾ റെയ്ഡ് ചെയ്ത് പൂട്ടിക്കാനും മിനിമം കൂലി നിശ്ചയിക്കാനുമൊക്കെ അധികാരമുള്ള സർക്കാരിനു അതിനും അധികാരമുണ്ട്. അത്തരത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിലും സഹായത്താലും സംരംഭകത്വം തുടങ്ങാനും ആരോഗ്യകരമായ മത്സരത്തിനുമുള്ള സാഹചര്യമൊരുക്കാനുമാണ് സർക്കാർ തയാറാകേണ്ടത്. പൊതുമേഖലയും സ്വകാര്യ മേഖലയുമായും ആരോഗ്യകരമായ മത്സരം വേണം. അത്തരം മത്സരം ജനങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മാർക്കറ്റിലുണ്ട്. അത്തരം സമീപനമാണ് തുടരേണ്ടത്. അല്ലാതെ കെ എസ് ആർ ടി സിയും ഗതാഗതവകുപ്പും റോബിൻ ബസിനോട് ചെയ്യുന്ന സമീപനമല്ല സ്വീകരിക്കേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും നിഷേധാത്മക സമീപനം മൂലം പല സംരംഭകരും ജീവനൊടുക്കിയ വാർത്തകൾ പുറത്തുവന്ന് അധിക കാലമായിട്ടില്ലല്ലോ. അവരാകട്ടെ, പ്രധാനമായും ജീവിതം മുഴുവൻ പ്രവാസ ജീവിതം നയിച്ച് സമ്പാദിച്ച പണം നാട്ടിൽ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരാണ്. എന്നാൽ അവരിൽ മിക്കവർക്കും ലഭിക്കുന്ന പ്രതികരണം വളരെ മോശമാണ്. കോവിഡ്കാല ദുരന്തങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിന്റെ പേരിലും പല ആത്മഹത്യകളും നടന്നു. അന്നു തകർന്ന പല സ്ഥാപനങ്ങളും ഇപ്പോഴും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഓരോ സ്ഥാപനം തകരുമ്പോഴും സംരംഭകർ മാത്രമല്ല, നിരവധി ജീവനക്കാരുടെ ജീവിതവുമാണ് തകരുന്നത്.