ഭോപാല്‍- മധ്യപ്രദേശിലെ ഭോപാലില്‍ ഒരു സ്വകാര്യ ഹോസ്റ്റലിലെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ഉടമ അറസ്റ്റിലായതിനു പിറകെ പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. ആറു മാസത്തോളം നിരന്തരം പീഡനത്തിനിരയായ യുവതിയാണ് പോലീസ് കസ്റ്റഡിയിലുള്ള ഹോസ്റ്റല്‍ ഉടമ അശ്വിനി കുമാറിനെതിരെ ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇയാള്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബധിരരും മൂകരുമായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഹോസറ്റലിന്റെ ഡയറക്ടറാണ് അശ്വിനി ശര്‍മ. ഭോപാലിലെ അവധ്പൂരിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
ഇയാള്‍ക്കെതിരെ ഉയരുന്ന നാലാമത്തെ പരാതിയാണിത്. തന്നെ മുറിയിലടച്ച് അശ്ലീല വിഡിയോകള്‍ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നും ആറു മാസത്തോളം ഇത് നിരന്തരം തുടര്‍ന്നുവെന്നും ധര്‍ ജില്ലയില്‍ നിന്നുള്ള 23-കാരിയാണ് പരാതി ഉന്നയിച്ചത്. സംസാര ശേഷിയില്ലാത്ത 20കാരിയായി ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞയാഴ്ച പുറത്തു വന്നതോടെ ബുധനാഴ്ച രാത്രി അശ്വിനി ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഹോസ്റ്റലിലെ മുന്‍ അന്തേവാസികളായിരുന്നു രണ്ടു യുവതികള്‍ കൂടി ഇയാള്‍ക്കെതിരെ വ്യാഴാഴ്ച പീഡന പരാതി നല്‍കിയിരുന്നു.
അവധ്പുരിയിലെ ക്രിസ്റ്റല്‍ ഐഡിയല്‍ സിറ്റിയിലെ ഒരു വീട്ടില്‍ അശ്വിനി ശര്‍മ ബന്ദികളാക്കിയ യുവതികളില്‍ ഒരാളാണ് ഇപ്പോള്‍ പാരതി ഉന്നയിച്ചിരിക്കുന്നത്. നിര്‍ബന്ധിച്ച് പോണ്‍ വീഡിയോകള്‍ കാണിക്കുകയും ഇംഗിതത്തിന് വഴങ്ങാതിരുന്നാല്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇന്‍ഡോറിലാണ് യുവതി പോലീസിനു പരാതി നല്‍കിയത്.
ബിജെപി നേതാക്കളുമായി അടുപ്പമുള്ളയാളാണ് പ്രതി അശ്വിനി ശര്‍മയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇയാള്‍ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ പറഞ്ഞു. പീഡനക്കേസ് പ്രതി അശ്വിനി ശര്‍മ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തു വിട്ടു.