Sorry, you need to enable JavaScript to visit this website.

ഇന്ന് കരിങ്കൊടിക്കാരെ കണ്ടില്ല; നല്ല ബുദ്ധിയെന്ന് മുഖ്യമന്ത്രി; 'രക്ഷാപ്രവർത്തന'ത്തിന് വധശ്രമത്തിന് കേസെന്ന് ട്രോൾ

കണ്ണൂർ - ഇന്ന് തങ്ങളുടെ വാഹനങ്ങളുടെ മുന്നിലേയ്ക്ക് കരിങ്കൊടിയുമായി ആരും ചാടി വന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നിത്തുടങ്ങിയെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നവകേരള സദസിൽ പ്രതിപക്ഷത്തെ പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രി.
 നവകേരള സദസ് ബഹിഷ്‌കരിക്കുമെന്ന് മാത്രമല്ല, തെരുവിൽ നേരിടുമെന്നാണിപ്പോൾ അവരിൽ ചിലർ പറയുന്നത്. ആ നിലയിൽ നിന്ന് പിന്മാറണമെന്നാണ് ആവർത്തിച്ചു പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. കുറച്ച് നല്ലബുദ്ധി അവർക്ക് തോന്നിയിട്ടുണ്ടെന്നാണ് കാണുന്നത്. ഇന്ന് ഞങ്ങളുടെ വാഹനത്തിന് മുന്നിലേയ്ക്ക് കൊടിയുമായൊന്നും ആരും ചാടി വന്നത് കണ്ടില്ല. അത് നേതൃത്വം നൽകിയ നിർദേശത്തിന്റെ ഭാഗമാണെങ്കിൽ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ല കാര്യമാണല്ലോ? മറ്റൊരു നേതാവ് പറഞ്ഞത് തലസ്ഥാനം വരെ യാത്രയുടെ മുന്നിൽ കരിങ്കൊടി വരാൻ പോവുകയാണെന്നാണ്. അതും മറ്റൊരു മോഹമാണ്. എന്നാൽ, ഇന്ന് പകൽ അതിനെല്ലാം പുനർവിചിന്തനം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 ഇന്നലെ കല്യാശ്ശേരി മണ്ഡലത്തിൽ പഴയങ്ങാടി പോലീസ് സ്‌റ്റേഷന് സമീപം മുഖ്യമന്ത്രിക്കുനേരെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം വൻ സംഘർഷത്തിന് ഇടയാക്കിയിരുന്നു. നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ ഏഴ് പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു.
 എന്നാൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള സി.പി.എം പ്രവർത്തകരുടെ നിയമം കൈയിലെടുത്തുള്ള ആക്രമണത്തെ മാതൃകാ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഈ മാതൃകാപരമായ പ്രവർത്തനം തുടരണമെന്ന് പിണറായി പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. സി.പി.എം പ്രവർത്തകരുടെ ഈ 'രക്ഷാപ്രവർത്തനത്തിന്' എതിരേ പോലീസ് വധശ്രമക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
 

Latest News