തിരുവനന്തപുരം - യൂത്ത്‌കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ചോദ്യം ചെയ്യാൻ ഇതുവരെയും തന്നെ വിളിച്ചിട്ടില്ലെന്നും വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്നും അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്തവരുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മാങ്കുട്ടത്തിൽ പറഞ്ഞു. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല. ഹാക്കർമാർ യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിച്ച എ.എ റഹിം അടക്കമുള്ളവർ തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ. കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാമെന്ന് കരുതേണ്ട. കസ്റ്റഡിയിലുള്ള പ്രവർത്തകരെല്ലാം നിരപരാധികളാണ്. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട കാര്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നും കേസന്വേഷണം സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായവരിൽനിന്ന് 24 തിരിച്ചറിയൽ കാർഡ് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. അടൂർ കേന്ദ്രീകരിച്ചുള്ള കൂടുതൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ സംശയ നിഴലിലാണെന്നും വിവരമുണ്ട്. അവരെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.