ഭോപ്പാല്‍ - ന്യൂമോണിയ രോഗം മാറാനായി ഒന്നര മാസം പ്രായമുള്ള കുട്ടിയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് 40 തവണയിലധികം പൊള്ളിച്ചു. രണ്ടാഴ്ച മുന്‍പ് മധ്യപ്രദേശിലെ ഷാഹ്ദോളില്‍ നടന്ന മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. ഗ്രാമത്തില്‍ പ്രസവ ശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരെ കൂടാതെ കുട്ടിയുടെ മാതാവ് ബെല്‍വതി ബൈഗ, മുത്തച്ഛന്‍ രജനി ബൈഗ, എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഗ്രാമത്തില്‍ പരമ്പരാഗതമായി പ്രസവ ശുശ്രൂഷയ്ക്കെത്തുന്ന സ്ത്രീ വീട്ടിലെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അസുഖം മാറ്റാനായി ഇരുമ്പ് ദണ്ഡ് ചൂടാക്കി കുത്തുകയായിരുന്നു. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40-ലധികം പാടുകള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതായി ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്.പാണ്ഡെ പറഞ്ഞു. ഇതേക്കുറിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്.