ന്യൂദല്‍ഹി-ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ 23 ശതമാനം വിമാനങ്ങളും കേടുപാടുകള്‍ തീര്‍ക്കാന്‍ കട്ടപ്പുറത്ത് കയറ്റിയ അവസ്ഥയിലാണെന്ന് റിപോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന കമ്പനിയുടെ പക്കല്‍ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ കാശില്ലാത്തത് സ്ഥിതിഗതികള്‍ ഗുരുതമാക്കിയിരിക്കുകയാണെന്നും ആരോപിച്ച് പൈലറ്റുമാര്‍ രംഗത്തെത്തി. കമ്പനിയുടെ പക്കലുള്ള മൊത്തം വിമാനങ്ങളുടെ നാലിലൊന്നും കട്ടപ്പുറത്തായതോടെ വരുമാനത്തിലും ഗണ്യമായ നഷ്ടം സംഭവിക്കുന്നുണ്ട്. എല്ലാ വിമാനക്കമ്പനികളും സാധാരണ നിശ്ചിത എണ്ണം വിമാനങ്ങള്‍ അറ്റക്കുറ്റപ്പണിക്കായി താല്‍ക്കാലികമായി പറക്കല്‍ നിര്‍ത്താറുണ്ട്. എന്നാല്‍ ഇയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇങ്ങനെ പറക്കല്‍ നിര്‍ത്തിയ വിമാനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നും സ്‌പെയര്‍ പാര്‍ട്‌സുകള്‍ കിട്ടാത്തതാണ് കാരണമെന്നും പൈലറ്റുമാര്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ സ്ഥിതി ഇത്ര ഗൗരവമായിട്ടും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കണ്ണടക്കുന്നതായും ആക്ഷേപമുണ്ട്. എയര്‍ ഇന്ത്യയില്‍ നിന്ന് ഡി.ജി.സി.എ ഇതുവരെ വിശദീകരണവും തേടിയിട്ടില്ല.
ഇടത്തരം, വലിയ ഗണങ്ങളിലായി 25,000 കോടി രൂപ വിലമതിക്കുന്ന വിമാനങ്ങളാണ് പാര്‍ട്‌സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ അറ്റക്കുറ്റപ്പണി നടക്കുന്ന ഹാങറുകളില്‍ വെറുതെ കിടക്കുന്നത്. ഇതു മൂലം സര്‍വീസ് റദ്ദാക്കലുകളും സമയക്രമം മാറ്റലും പതിവായിരിക്കുകയാണ്. ലാഭമില്ലാത്ത റൂട്ടുകളില്‍ നിന്ന് വിമാനങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നുണ്ട്- എയര്‍ ഇന്ത്യ പൈലറ്റുമാരുടെ യൂണിയനായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ പി. എസ് ഖരോലയ്ക്കയച്ച കത്തില്‍ പറയുന്നു.
എയര്‍ബസിന്റെ എ-321 ഗണത്തിലുള്ള 20 വിമാനങ്ങളില്‍ ഇപ്പോള്‍ 12 എണ്ണം മാത്രമെ ദിനേന സര്‍വീസുകള്‍ നടത്തുന്നുളളൂ. എയര്‍ ഇന്ത്യയുടെ പക്കലുള്ള എ-321 വിമാനങ്ങളില്‍ 40 ശതമാനവും രാജ്യത്ത് പലയിടങ്ങളിലായി കട്ടപ്പുറത്താണ്. തിരക്കേറിയ റൂട്ടുകളില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന കൂടുതല്‍ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള എയര്‍ ഇന്ത്യയുടെ പടക്കുതിരകളാണിത്. ഇത്തരം വിമാനങ്ങളുടെ പകുതിയോളം സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത് കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ബസിന്റെ എ-319 ഗണത്തില്‍ വരുന്ന 22 വിമാനങ്ങളില്‍ നാലെണ്ണം കട്ടപ്പുറത്താണ്. കൂട്ടത്തില്‍ ഏറ്റവും പുതിയവ ആയത് കൊണ്ടു മാത്രം എ-320 വിമാനങ്ങള്‍ പ്രശ്‌നങ്ങളില്ലാതെ സര്‍വീസ് തുടരുന്നു.
വലിയ വിമാനങ്ങളുടെ കാര്യം കഷ്ടമാണെന്നും പൈലറ്റുമാര്‍ ആരോപിച്ചു. 15 ബോയിങ് 777-3000 വിമാനങ്ങളില്‍ അഞ്ചെണ്ണവും 26 ബോയിങ് 787 വിമാനങ്ങളില്‍ രണ്ടെണ്ണവും പാര്‍ട്‌സ് ലഭിക്കാതെ കട്ടപ്പുറത്ത് കിടക്കുകയാണ്. വന്‍ കടബാധ്യത വരുത്തി വാങ്ങിയ വിമാനങ്ങളാണ് ഇങ്ങനെ കട്ടപ്പുറത്തിട്ടിരിക്കുന്നതെന്നും ഇത് എയര്‍ ഇന്ത്യയുടെ അടിത്തറ ഇളക്കുമെന്നും പൈലറ്റുമാര്‍ ആരോപിച്ചു.