ഔറംഗാബാദ് - കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ അരമണിക്കൂര്‍ വൈകിയതിന് പോലീസുകാരെ പുല്ലുവെട്ടാന്‍ പറഞ്ഞയച്ച് മജിസ്‌ട്രേറ്റ്. വിചിത്രമായ ഈ ശിക്ഷ പോലീസ് സേനക്കുള്ളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയുടെ അതൃപ്തിക്ക് ഇരയായി പുല്ലുവെട്ടല്‍ ശിക്ഷ ഏറ്റു വാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി മന്‍വാത് നഗരത്തില്‍ സംശയാസ്പദമായി ചുറ്റിത്തിരിയുകയായിരുന്ന രണ്ട് പേരെ പോലീസിന്റെ നൈറ്റ് പട്രോള്‍ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പിറ്റേ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഞായറാഴ്ച ആയിരുന്നതിനാല്‍ അവധി ദിവസം 11 മണിക്ക് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികളെയും കൊണ്ട് പോലീസുകാര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമയം 11.30ആയി. ഇതാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചത്. കുപിതനായ അദ്ദേഹം രണ്ട് പോലീസുകാരും ശിക്ഷയായി പുല്ല് വെട്ടണമെന്ന് ഉത്തരവിടുകയായിരുന്നു. പോലീസുകാര്‍ ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അതേ ദിവസത്തെ തന്നെ സ്റ്റേഷന്‍ ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ രണ്ട് പോലീസുകാരുടെയും മൊഴികള്‍ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് സാക്ഷികളായ മറ്റ് മൂന്ന് പോലീസുകാരുടെ മൊഴികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.