Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ഫൈനല്‍ ലഖ്‌നൗവില്‍ ആയിരുന്നെങ്കില്‍ മഹാവിഷ്ണു അനുഗ്രഹിച്ചേനെ, ബി.ജെ.പിയെ കുത്തി അഖിലേഷ്

ലഖ്‌നൗ- ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യക്കുണ്ടായ തോല്‍വിയില്‍ ബി.ജെ.പിക്കെതിരായ പരിഹാസം തുടരുന്നു.
മത്സരം അഹമ്മദാബാദിന് പകരം ലഖ്‌നൗവില്‍ നടന്നിരുന്നെങ്കില്‍  ടീം ഇന്ത്യ വിജയിക്കുമായിരുന്നുവെന്ന് ബിജെപിയെ പരോക്ഷമായി പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്‌നൗവിലാണ് മത്സരം നടന്നിരുന്നതെങ്കില്‍ ടീം ഇന്ത്യയ്ക്ക് മഹാവിഷ്ണുവിന്റെയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും അനുഗ്രഹം ലഭിക്കുമായിരുന്നെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗവിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ 'ഏകന സ്‌റ്റേഡിയം' എന്ന് നാമകരണം ചെയ്തു. മഹാവിഷ്ണുവിന്റെ അനേകം നാമങ്ങളില്‍ ഒന്നാണ് ഏകന എന്നത് ശ്രദ്ധേയമാണ്.
പിന്നീട്, 2018ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയെയും ബി.ജെ.പി പ്രവര്‍ത്തകനെയും ആദരിക്കുന്നതിനായി 'ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്‌റ്റേഡിയം' എന്ന് പുനര്‍നാമകരണം ചെയ്തു.

ഗുജറാത്തില്‍ നടന്ന മത്സരം ലഖ്‌നൗവില്‍ നടന്നിരുന്നെങ്കില്‍, അവര്‍ക്ക് (ടീം ഇന്ത്യ) ഒരുപാട് പേരുടെ അനുഗ്രഹം ലഭിക്കുമായിരുന്നു... മത്സരം ലഖ്‌നൗവില്‍ നടന്നിരുന്നെങ്കില്‍ ടീം ഇന്ത്യക്ക് മഹാവിഷ്ണുവിന്റെയും അടല്‍ ബിഹാരി വാജ്‌പേയിയുടെയും അനുഗ്രഹം ലഭിച്ചേനെ, ഇന്ത്യ വിജയിക്കുമായിരുന്നു...  ഇറ്റാവയില്‍  ജനക്കൂട്ടത്തിന്റെ ആഹ്ലാദാരവത്തിനിടയില്‍ എസ്പി മേധാവി പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ കളിക്കാരുടെ തയ്യാറെടുപ്പ് അപൂര്‍ണമായെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസം, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിക്കുകയും അദ്ദേഹത്തെ പനോട്ടി (ദുശ്ശകുനം) എന്ന് വിളിക്കുകയും ചെയ്തു.

 

Latest News