ടെല്‍അവീവ്- ഹമാസുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ബുദ്ധിമുട്ടേറിയതാണെങ്കിലും ശരിയായ തീരുമാനമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. എല്ലാ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഹമാസുമായുള്ള നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഗാസയില്‍ ഫലസ്തീന്‍ പോരാളികളുടെ തടവിലുള്ള 50 പേരെയാണ് മോചിപ്പിക്കുന്നത്. ഇവരില്‍ ഇസ്രായിലികളും വിദേശികളും ഉള്‍പ്പെടുമെങ്കിലും ഇസ്രായില്‍ സൈനികരില്ല. കരാര്‍ പ്രകാരം വിട്ടയക്കുന്ന ബന്ദികളില്‍ സൈനികരെ കൂടി ഉള്‍പ്പെടുത്തണമെന്ന വലിയ സമ്മര്‍ദം നെതന്യാഹു നേരിട്ടിരുന്നു.
ബന്ദികളെ മോചിപ്പിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ച് ആരംഭിച്ച യുദ്ധം നീണ്ടുപോയതിനെ തുടർന്ന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വലിയ വിമർശനമാണ് നെതന്യാഹു നേരിട്ടത്. ഹമാസിനു കീഴടങ്ങുകയാണെന്ന രൂക്ഷ വിമർശവും മന്ത്രിമാരിൽനിന്ന് ഉയർന്നു.
ഹമാസുമായുള്ള ഉടമ്പടി അംഗീകരിക്കാൻ രാത്രി എട്ട് മണിയോടെ ചേർന്ന കാബിനറ്റ് യോഗം പുലരുംവരെ നീളുകയായിരുന്നു.