ബെയ്ജിങ്- ചൈനയില്‍ നിന്നും ഇത്തവണ ഹജ് തീര്‍ത്ഥാടനത്തിന് പുറപ്പെടുന്ന ന്യൂനപക്ഷ മുസ്ലിം പൗരന്മാരെ ഭരണകൂടം സൂക്ഷ്മ നിരീക്ഷണ വിധേയമാക്കുന്നു. പ്രത്യേക ട്രാക്കിങ് ഉപകരണമാണ് തീര്‍ത്ഥാടകരെ ധരിപ്പിച്ചിരിക്കുന്നത്. കഴുത്തില്‍ തൂക്കിയിരിക്കുന്ന സ്മാര്‍ട് കാര്‍ഡാണ് ജി.പി.എസ് ട്രാക്കറായി പ്രവര്‍ത്തിക്കുക. വ്യക്തിവിവരങ്ങളും ഉള്‍പ്പെടുന്ന ഈ ഉപകരണം തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കാണെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈന ഇസ്ലാമിക് അസോസിയേഷന്‍ അറിയിച്ചു. ഈ സ്മാര്‍ട് കാര്‍ഡുകള്‍ ധരിച്ച് തീര്‍ത്ഥാടകര്‍ ഹജിനായി സൗദി അറേബ്യയിലേക്ക് പുറപ്പെടുന്ന ചിത്രം അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ട്രാക്കിങ് ഉപകരണം എല്ലാ തീര്‍ത്ഥാടകര്‍ക്കും നല്‍കിയിട്ടില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. 11,500 പേരാണ് ഇത്തവണ ചൈനയില്‍ നിന്ന് ഹജിന് പോകുന്നത്. ഇവരില്‍ ചെറിയൊരു ശതമാനം പേര്‍ക്കു മാത്രമെ ഈ ഉപകരണം നല്‍കിയിട്ടുള്ളൂവെന്നും റിപോര്‍ട്ട് പറയുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള ഷിന്‍ജിയാങില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ ഉപകരണം നല്‍കിയിട്ടില്ലെന്നും പത്രം പറയുന്നു.
എന്നാല്‍ ഇത് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ഉപകരണം ഹാജിമാരെ സഹായിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. മക്കയില്‍ വഴിതെറ്റുന്നതും കൂട്ടം തെറ്റുന്നതും ഒഴിവാക്കാനാണ് ചൈന ഇസ്ലാമിക് അസോസിയേഷന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതു മറ്റു തരത്തിലുള്ള നിരീക്ഷണങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് വിമര്‍ശകര്‍ പറയുന്നു.