Sorry, you need to enable JavaScript to visit this website.

അഖിലേന്ത്യ ടൂറിസ്റ്റ് വാഹനങ്ങളിൽനിന്ന് അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്തിയുമായി സുപ്രീം കോടതി

ന്യൂദൽഹി-സുപ്രീംകോടതി സ്‌റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. കേരളം,തമിഴ്‌നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഇതിന് എങ്ങനെ സാധിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതോടെ ഇതര  സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്‌നാടും സുപ്രിം കോടതിയെ അറിയിച്ചു.
പ്രവേശന നികുതി പിരിക്കുന്നത് തടഞ്ഞ് നേരത്തെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നിലനിൽക്കെ കേരളവും, തമിഴ്‌നാടും പ്രവേശന നികുതി ഈടാക്കുന്നതായി ഹരജിക്കാർ സുപ്രിംകോടതിയെ അറിയിച്ചു. പാതിരാത്രിയും, പുലർച്ചെയും പോലും വാഹനങ്ങൾ തടഞ്ഞു നിർത്തി നികുതി പിരിക്കുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയിച്ച ഹരജിക്കാർ കോടതിയലക്ഷ്യ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നും, നികുതി ഇനി മുതൽ ഈടാക്കില്ലെന്നും തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കോടതിയലക്ഷ്യ ഹർജിയിൽ തമിഴ് നാടിന് സുപ്രിംകോടതി നോട്ടീസ് അയച്ചുവെങ്കിലും, ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. കേരളത്തെ കൂടി നികുതി പിരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ബസ് ഉടമകൾ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് കേരളവും സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.കേസിൽ ജനുവരി 10ന് വിശദവാദം കേൾക്കും.
 

Latest News