കുവൈത്ത് - ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം വൈകാരികമാക്കി ഫലസ്തീന് ആരാധകര്‍. കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഫലസ്തീന് പതാകകളും കഫിയ്യകളും പാറിക്കളിച്ചു. ഫ്രീ ഗസ പോസ്റ്ററുകളും ഫലസ്തീനികള്‍ വിട്ടേച്ചു പോയ ഭവനങ്ങളുടെ പ്രതീകമായി താക്കോലുകളും ആരാധകര്‍ ഉയര്‍ത്തി.
ആയിരക്കണക്കിന് ഫലസ്തീന്‍കാരും അനുഭാവികളുമാണ് കളി കാണാനെത്തിയത്. ഇസ്രായേലിന്റെ നരനായാട്ട് ആരംഭിച്ച ശേഷം ഫലസ്തീന്റെ ആദ്യ ഹോം മത്സരമാണ് ഇത്. റാമല്ലയില്‍ നിശ്ചയിച്ച മത്സരം കുവൈത്ത് സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
ഫലസ്തീന് ഹൃദയത്തിലുണ്ടെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പതിനെട്ടാം മിനിറ്റില്‍ ഡിഫന്റര്‍ ഹാരി സൂതാര്‍ നേടിയ ഏക ഗോളിന് ഓസ്ട്രേലിയ ജയിച്ചു.