വിവാദങ്ങളുടെ നീണ്ട ചരിത്രത്തിന് വിരാമം കുറിച്ച് ജെറാഡ് പിക്വെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. കാറ്റലന്‍ സ്വാതന്ത്ര്യപ്പോരാട്ടത്തെ പരസ്യമായി പിന്തുണച്ച പിക്വെയുടെ സ്‌പെയിന്‍ ടീമിലെ സാന്നിധ്യം എപ്പോഴും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. സംശയദൃഷ്ടിയോടെയാണ് ദേശീയ വാദികള്‍ പ്രത്യേകിച്ചും റയല്‍ മഡ്രീഡ് ആരാധകര്‍ പിക്വെയെ കണ്ടിരുന്നത്. തന്റെ ജഴ്‌സിയില്‍ നിന്ന് സ്‌പെയിനിന്റെ ലോഗൊ പിക്വെ നീക്കിയെന്നു പോലും ആരോപണമുയര്‍ന്നിരുന്നു. എ്ങ്കിലും സ്‌പെയിനിന്റെ ലോകകപ്പ്, യൂറോ കപ്പ് വിജയങ്ങളില്‍ പിക്വെയും റയല്‍ മഡ്രീഡ് നായകന്‍ സെര്‍ജിയൊ റാമോസും നയിച്ച പ്രതിരോധ നിര നിര്‍ണായക പങ്കുവഹിച്ചു.
ബാഴ്‌സലോണയില്‍ തന്റെ കോച്ചായിരുന്ന ലുയിസ് എന്റിക്വെയാണ് പുതിയ സ്‌പെയിന്‍ പരിശീലകന്‍ എന്നതൊന്നും മനസ്സ് മാറ്റാന്‍ പര്യാപ്തമല്ലെന്ന് പിക്വെ പ്രഖ്യാപിച്ചു. വിരമിക്കുന്ന കാര്യം എന്റിക്കെയെ അറിയിച്ചിട്ടുണ്ടെന്നും ഡിഫന്റര്‍ പറഞ്ഞു.