Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രത്തില്‍ പൂജാരിയാകാന്‍ അപേക്ഷ കിട്ടിയത് 3000: ഒഴിവ് 20; താമസവും ഭക്ഷണവും 2000 രൂപയും 

അയോധ്യ- രാമക്ഷേത്രത്തില്‍ ഒഴിവുള്ള 20 പൂജാരിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 3000 പേര്‍. അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ഇവരെ ക്ഷണിച്ചെന്ന് റാം മന്ദിര്‍ തീര്‍ഥക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അഭിമുഖത്തിന് തെരഞ്ഞെടുക്കുകയെന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങൡ നിന്നാണ് പൂജാരി ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കര്‍സേവക് പുരത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനത്താണ് അഭിമുഖം നടക്കുക. മൂവായിരത്തില്‍ നിന്നും ആദ്യഘട്ടത്തില്‍ 200 പേരെ തെരഞ്ഞെടുക്കും. അവരില്‍ നിന്നും 20 പേരെ കണ്ടെത്തും. 

വൃന്ദാവനത്തില്‍ നിന്നുള്ള പ്രഭാഷകനായ ജയ്കാന്ത് മിശ്രയുടെ മൂന്നംഗ പാനലും അയോധ്യയിലെ നിന്നുള്ള മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരും ചേര്‍ന്നാണ് അഭിമുഖം നടത്തുക. ചുരുക്കപ്പട്ടിക പ്രകാരം അഭിമുഖം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളില്‍ നിയമനം നല്കും.

തെരഞ്ഞെടുക്കപ്പെടാതെ പോകുന്നവര്‍ക്ക് ആറുമാസത്തെ പരിശീലനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നും ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. 

വിവിധ മതപണ്ഡിതര്‍ തയ്യാറാക്കുന്ന മതപരമായ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം. പരിശീലന വേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും 2000 രൂപ സ്‌റ്റൈപ്പന്റും നല്‍കും.

Latest News