കോട്ടയം- കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ സംസ്കാരം വൈദ്യുത ശ്മശാനത്തിൽ നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നഗരത്തിലുളള നഗരസഭാ ശ്മശാനത്തിൽ ഭൗതിക ശരീരം എത്തിച്ചത്. സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും അന്തിമോചചാരം അർപ്പിക്കാൻ എത്തിയിരുന്നു. സ്വന്തം ഇഷ്ടം അനുസരിച്ചായിരുന്നു സംസ്കാരം നടത്തിയത്്.
ശനിയാഴ്ച്ച വൈകുന്നേരം പാമ്പാടിയിലെ ബാർ ഹോട്ടലിനു സമീപം പാർക്കിംഗ് ഗ്രൗണ്ടിലാണ് മീനടം കുറിയന്നൂർ സ്വദേശിയായ നടൻ വിനോദ് തോമസിനെ ( 47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ എത്തിയ കാറിൽ വിനോദ് ഉറങ്ങുന്ന അവസ്ഥയിലായിരുന്നു. വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരൻ അടുത്തു ചെന്നുനോക്കിയപ്പോഴാണ് സംശയം തോന്നിയത്. ഉടൻ തന്നെ പോലീസ് എത്തി ഡോർഗ്ലാസ് തകർത്ത് വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർബൺ മോണോക്സൈഡ് ഉള്ളിൽ ചെന്നാണു മരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ കാറിനുള്ളിൽ വിഷവാതകം എങ്ങനെ രൂപപ്പെട്ടു എന്നത് ഇനിയും കണ്ടെത്തിയിട്ടില്ല. പരിശോധന തുടരുകയാണ്. ഫോറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തിയെങ്കിലും കാറിന് തകരാർ കണ്ടെത്താനായില്ല. ഇതോടെ വിദഗ്ധരായ കാർ എൻജിനീയർമാരെ എത്തിച്ച് പരിശോധിപ്പിക്കാനാണ് തീരുമാനം.
മുൻ പ്രവാസി മലയാളിയായ വിനോദ് അഭിനയമാണ് തന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 16 സിനിമകളിലും ഹ്വസ്വചിത്രങ്ങളിലും വെബ് സീരിസുകളിലും അഭിനയിച്ചു. അഭിനയിച്ച അഞ്ചു സിനിമകൾ റീലീസ് ചെയ്യാനുണ്ട്. പ്രിഥിരാജിന്റെ വിലായത്ത് ബുദ്ധയിൽ അഭിനയിച്ചുവരികയായിരുന്നു. സ്വന്തം തിരക്കഥയിൽ സിനിമ ചെയ്യാനുളള തയാറെടുപ്പിലായിരുന്നു. സിനിമയുടെ ചിത്രീകരണ ഘട്ടത്തിലേക്ക് കടക്കാനിരക്കെയാണ് നിര്യാണം. കൈനിറയെ അവസരങ്ങൾ വരുന്ന ഘട്ടത്തിലാണ് വിനോദ് വിടവാങ്ങിയത് എന്നത് സുഹൃത്തുക്കൾക്ക് തീരാവേദനയാണ്.
2016ൽ ജിതിൻ ജോൺ പൂക്കോയി എഴുതി സംവിധാനം ചെയ്ത 'ലൈഫ്-ലിവ് ഫിയർലസ്' എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന വേഷം ചെയ്തത് വിനോദ് തോമസ് ആയിരുന്നു. ഈ ഹ്രസ്വചിത്രത്തിൽ ശരവണൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദ് ചെയ്തത്. എ.സി. ഓൺ ചെയ്ത് അടഞ്ഞ കാറിൽ ഇരിക്കുന്ന ഡ്രൈവർ വിഷവാതകം ശ്വസിച്ച് മരിക്കുന്നതായിരുന്നു പ്രമേയം. സമാനമായ രീതിയിൽ കാറിൽ വിനോദ് മരിച്ച നിലയിൽ കണ്ടെത്തിയത് യാദൃച്ഛികമായി.നെടുമ്പാശേരി വിമാനത്താവളത്തിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിനുവേണ്ടി ചെയ്ത 8 മിനിട്ടു ദൈർഘ്യമുളള ഷോർട്ട് വീഡിയോ ആയിരുന്നു അത്.