ഏഷ്യന്‍ ഗെയിംസില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷാണ് ഇന്ത്യന്‍ നായകന്. കൃഷന് പഥക്കാണ് രണ്ടാം ഗോളി. കെട്ടിട നിര്‍മാണ സൈറ്റുകളില്‍ പണിയെടുത്ത് തഴമ്പിച്ച കൈകളാണ് പഥക്കിന്റേത്. പഞ്ചാബിലെ കപൂര്‍തലയില്‍ ക്രെയ്ന് ഓപറേറ്ററായിരുന്നു പഥക്കിന്റെ പിതാവ് തേക് ബഹദൂര്‍. നേപ്പാളില്‍ നിന്ന് തൊഴില്‍ തേടി കുടിയേറിയതായിരുന്നു അദ്ദേഹം. തേകിന്റെ വരുമാനം കൊണ്ട് മാത്രം കുടുംബത്തിന് രണ്ടറ്റം മുട്ടിക്കാനാവില്ലെന്ന് വന്നതോടെ പഥക്കും നിര്‍മാണ സൈറ്റുകളില്‍ പണിയെടുത്ത് തുടങ്ങി.
പഥക്കിന് 20 വയസ്സാവുമ്പോഴേക്കും മാതാപിതാക്കള്‍ മരണപ്പെട്ടു. രണ്ടു പേര്‍ക്കും ഉറക്കത്തില്‍ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. 2016 ലെ ജൂനിയര്‍ ലോകകപ്പില്‍ പഥക് ഇന്ത്യന്‍ ഗോള്‍വല കാത്തത് പിതാവ് മരണപ്പെട്ടതിന്റെ വേദന മാറും മുമ്പെയാണ്. ഇപ്പോള്‍ പഥക്കിന് വീട് എന്ന് പറയാന്‍ ഒരു കൂടാരമില്ല, കാത്തുനില്ക്കാന് വീട്ടില്‍ ആരുമില്ല. അക്ഷരാര്‍ഥത്തില്‍ അനാഥന്. രാജ്യത്തിനു വേണ്ടി കളിക്കുന്നു എന്നതാണ് പഥക്കിന്റെ ജീവിതം മുന്നോട്ടു നയിക്കുന്ന ഏക ഘടകം.
ജൂനിയര്‍ ലോകകപ്പ് നേടിയപ്പോള്‍ പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപക്കായി പഥക് ഇപ്പോഴും കാത്തുനില്‍ക്കുകയാണ്. സ്വന്തമായി വീട് പണിയുകയാണ് ആഗ്രഹം. അമ്മാവനൊപ്പം വാടക വീട്ടിലാണ് ഇപ്പോള്‍ താമസം.